റിയാദ്: ഹൈഡ്രജന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മെന മേഖലയിലെ (MENA)
ആദ്യത്തെ ട്രെയിന്‍ സൗദിയില്‍ വൈകാതെ ഓടിത്തുടങ്ങും. ട്രെയിന്‍ പരീക്ഷണാടിസ്ഥാനത്തില്‍ റിയാദില്‍ പ്രവര്‍ത്തിപ്പിക്കാന്‍ തുടങ്ങിയതായി അധികൃതര്‍ പറഞ്ഞു. സൗദി അറേബ്യയുടെ നൂതനമായ റെയില്‍വേ ഗതാഗതത്തിലേക്കുള്ള മുന്നേറ്റമാണിത്.
സൗദിയിലെ ഗതാഗത, ലോജിസ്റ്റിക് മന്ത്രിയും റെയില്‍വേസ് ഡയറക്ടര്‍ ബോര്‍ഡ് പ്രസിഡന്റുമായ എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിര്‍ പരീക്ഷണ സര്‍വീസ് വിലയിരുത്തി. കഴിഞ്ഞ മാസം സൗദി അറേബ്യ റെയില്‍വേ (എസ്എആര്‍)യും ഫ്രഞ്ച് ബഹുരാഷ്ട്ര കമ്പനിയായ ആല്‍സ്റ്റോമുമായി കരാര്‍ ഒപ്പുവെച്ച ശേഷം പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ തയ്യാറെടുപ്പുകള്‍ തുടങ്ങിയിരുന്നു. ആല്‍സ്റ്റോം നിര്‍മിച്ച ഹൈഡ്രജന്‍ ട്രെയിനുകളാണ് ഇപ്പോൾ പ്രവര്‍ത്തിപ്പിക്കുന്നത്.
