ദുബൈ:യുഎഇ യിലെ എട്ട് സാമൂഹ്യ-സാംസ്കാരിക സംഘടനകളുടെ കൂട്ടയ്മയായ ഉമയുടെ (യുണൈറ്റഡ് മലയാളി അസോസിയേഷൻ ) ഈ വർഷത്തെ ഓണാഘോഷം ലുലു പൊന്നോണം എന്ന പേരിൽ ഈ മാസം 13 ന് നടത്തും.രാവിലെ 7.30 മുതൽ രാത്രി 10.30 വരെ ദുബൈ അൽ നാസർ ലിഷർ ലാൻഡിലാണ് ആഘോഷം.
പൂക്കള മത്സരം,കലാപരിപാടികൾ,ഓണസദ്യ,ഘോഷയാത്ര,സാംസ്കാരിക സമ്മേളനം എന്നിവയാണ് പ്രധാന പരിപാടികൾ.വൈകീട്ട് 6.30ന് കെ എസ് പ്രസാദിന്റെ സംവിധാനത്തിൽ മിമിക്സ്-സംഗീത ഷോ അരങ്ങേറും.
ഗായകരായ നിത്യമാമൻ,വിവേകാനന്ദൻ,നിസാം,വൈഗ,ഫർഹാൻ നവാസ് മിമിക്സ് കലാകാരൻ അരുൺ ഗിന്നസ് സ്റ്റാൻഡ് -അപ്പ് കൊമേഡിയൻ റെജി രാമപുരം എന്നിവർ ഷോയിൽ പരിപാടികൾ അവതരിപ്പിക്കുമെന്ന് ഉമ- ലുലു പൊന്നോണം ജനറൽ കൺവീനർ ടി ടി യേശുദാസ്,ജോയിന്റ് കൺവീനർ ജയരാജ് പിള്ള എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നാലായിരത്തോളം പേർ ഓണാഘോഷത്തിൽ പങ്കെടുക്കും.
ഉമയുമായി സഹകരിച്ച് തുടർച്ചയായ പതിമൂന്നാം വർഷമാണ് ഓണാഘോഷം നടത്തുന്നതെന്ന് ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ദുബൈ ആൻഡ് നോർത്തേൺ എമിറേറ്റ്സ് റീജിയണൽ ഡയറക്ടർ കെ പി തമ്പാൻ പറഞ്ഞു.മികവുറ്റ സംഘാടനമാണ് ഉമയുടേതെന്നും വരും വർഷങ്ങളിലും ഉമയുമായി സഹകരിക്കുമെന്നും കെ പി തമ്പാൻ വ്യക്തമാക്കി.വിവിധ സംഘടനകളുടെ ഐക്യവേദി എന്ന നിലയിൽ 26 മത്തെ വർഷമാണ് ഉമ ഓണാഘോഷം നടത്തുന്നത്.