ദുബൈ:സ്വർണാഭരണ ഡിസൈനിംഗ്, നിർമാണം, മൊത്ത വ്യാപാരം, കയറ്റുമതി എന്നീ മേഖലകളിൽ പ്രമുഖരായ വിൻസ്മേര ഗ്രൂപ്പ് ആഗോള സ്വർണാഭരണ റീട്ടെയിൽ വിപണിയിലേക്കുള്ള പ്രവേശനം പ്രഖ്യാപിച്ചു. റീട്ടെയിൽ വ്യാപാര രംഗത്ത് 2000 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് ഗ്രൂപ്പ് പദ്ധതിയിടുന്നത്.

കണ്ണൂർ സ്വദേശികളും ഷാർജയിലെ പ്രവാസികളുമായ ദിനേഷ് കാമ്പ്രത്ത്, അനിൽ കാമ്പ്രത്ത്, മനോജ് കാമ്പ്രത്ത്, കൃഷ്ണൻ കാമ്പ്രത്ത് എന്നിവരാണ് ‘വിൻസ്മേര’ എന്ന ബ്രാൻഡിലൂടെ റീട്ടെയിൽ വ്യാപാരരംഗത്ത് നിക്ഷേപം നടത്തുന്നത്.
യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലും ഇന്ത്യയിലുമായി രണ്ടു വർഷത്തിനുള്ളിൽ 20 ജ്വല്ലറി സ്റ്റോറുകളും ഫാക്ടറികളും ആരംഭിക്കാനാണ് പദ്ധതി. ആദ്യഘട്ടത്തിൽ അബുദാബി, ദുബായ്, ഷാർജ എമിറേറ്റുകളിൽ ഷോറൂമുകൾ തുറക്കും. ഇന്ത്യയിൽ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, ചെന്നൈ, ബാംഗ്ലൂർ എന്നിവിടങ്ങളിലാണ് സ്റ്റോറുകൾ ആരംഭിക്കുക. വിപുലീകരണത്തിന്റെ ഭാഗമായി ഷാർജയിൽ നിലവിലുള്ള 50,000 ചതുരശ്ര അടി വിസ്തീർണമുള്ള ഫാക്ടറി അത്യാധുനിക സംവിധാനങ്ങളോടെ വികസിപ്പിക്കും.