
ദുബൈ: യുഎഇയിലെ പ്രമുഖ ഡിജിറ്റൽ സ്വർണ്ണ നിക്ഷേപ പ്ലാറ്റ്ഫോമായ ഒ ഗോൾഡ് മധ്യ പൂർവദേശത്തെ ആദ്യ ശരിഅത്ത് സ്വർണാധിഷ്ഠിത പ്രീപെയ്ഡ് കാർഡ് പുറത്തിറക്കുന്നു. യുഎഇ ആസ്ഥാനമായി ശരിഅത്ത് പ്രകാരം പ്രവർത്തിക്കുന്ന പ്രമുഖ ധനകാര്യ സ്ഥാപനമായ മവാരിദ് ഫിനാൻസുമായുള്ള പങ്കാളിത്തത്തോടെയാണ് വ്യാപാരികൾക്കും സാധാരണക്കാർക്കും ഒരു പോലെ പ്രയോജനകരമായ പ്രീപെയ്ഡ് കാർഡ് അവതരിപ്പിക്കുന്നത്.
സ്വർണ വിപണിയിലേക്ക് എല്ലാവർക്കും പ്രവേശനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ ഒ ഗോൾഡ്, നിക്ഷേപത്തിനോ ദൈനംദിന ഉപയോഗത്തിനോ ഉള്ള സ്വർണം വെള്ളി എന്നിവ വാങ്ങാനും വിൽക്കാനും പാട്ടത്തിന് നൽകാനും വീണ്ടെടുക്കാനുമുള്ള തടസരഹിതമായ പ്ലാറ്റ്ഫോമാണ് ഉപയോക്താക്കൾക്ക് നൽകുന്നത്.
എസ്എഎം പ്രഷ്യസ് മെറ്റൽസ്, എകെഡബ്യൂ കൺസൾട്ടന്റ്സ് തുടങ്ങിയ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തത്തോടെ സ്വർണവും ഡിജിറ്റൽ സ്വർണവും ഒ ഗോൾഡ് ഉപയോക്താക്കളിലേക്ക് എത്തിക്കുന്നു.
“ശരിഅത്ത് അധിഷ്ഠിത ധനകാര്യ പ്രവർത്തനങ്ങളിലുള്ള ഞങ്ങളുടെ വൈദഗ്ധ്യം ഉപയോഗപ്പെടുത്തിക്കൊണ്ട്, ഈ നവീന സംരംഭത്തിൽ ഒ ഗോൾഡുമായി സഹകരിക്കുന്നതിൽ മവാരിദ് ഫിനാൻസിന് സന്തോഷമുണ്ട്,” മവാരിദ് ഫിനാൻസിന്റെ സിഇഒ റാഷിദ് അൽ ഖുബൈസി പറഞ്ഞു.