
ദുബൈ: ഒമാൻ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സയൻസ് & ടെക്നോളജിയുടെ ചാൻസലറായി നിയമിതനായ ഡോ. പി. മുഹമ്മദ് അലി (ഗൾഫാർ), കൊടുങ്ങല്ലൂർ എം.ഇ.എസ് അസ്മാബി കോളേജ് പൂർവ വിദ്യാർത്ഥി സംഘടന യു.എ.ഇയിൽ 20 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘അസ്മാനിയ 20’25’ വാർഷികാഘോഷത്തിന്റെ മുഖ്യാതിഥിയായിരിക്കും.
നവംബർ 30-ന് ദുബൈ എത്തിസലാത്ത് അക്കാദമിയിൽ നടക്കുന്ന ചടങ്ങിൽ ഡോ. മുഹമ്മദ് അലി വാർഷികാഘോഷം ഉദ്ഘാടനം ചെയ്യും. തുടർന്ന്, യു.എ.ഇയിലേയും കേരളത്തിലേയും പ്രഗൽഭരായ കലാകാരന്മാർ അണിനിരക്കുന്ന നൃത്ത സംഗീത പരിപാടികളും അരങ്ങേറും.
എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസൽ ഗഫൂർ, സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. കുഞ്ഞിമൊയ്തീൻ, കോളേജ് പ്രിൻസിപ്പാൾ ഡോ. സനദ് സദാനന്ദൻ, ഡോ. കെ.പി. സുമേധൻ, വി.എം. ഷൈൻ, എം.കെ. നജീബ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
അലുംനി രക്ഷാധികാരിയും ഫ്ലോറ ഗ്രൂപ്പ് ചെയർമാനുമായ വി.എ. ഹസ്സൻ, പ്രസിഡന്റ് അഡ്വ. ബക്കറലി, രക്ഷാധികാരികളായ വി.ഐ. സലീം (ലുലു), പി.ബി. അബ്ദുൽ ജബ്ബാർ (ഹോട്ട്പാക്ക്), വി.കെ. ഷംസുദ്ദീൻ (ഫൈൻ ടൂൾസ്), സീനിയർ വൈസ് പ്രസിഡന്റ് ഇസ്ഹാക് അലി, ഫിനാൻസ് സെക്രട്ടറി ആരിഷ് അബൂബക്കർ എന്നിവർ സംയുക്തമായി വാർത്താക്കുറിപ്പിലൂടെ അറിയിച്ചതാണ് ഈ വിവരം.



