
ദുബൈ: മൗത് പബ്ലിസിറ്റിയാണ് ‘എക്കോ’എന്ന സിനിമയെ വിജയിപ്പിച്ചത് എന്ന് സംവിധായകൻ ദിൻജിത് അയ്യത്താൽ ദുബൈയിൽ പറഞ്ഞു.എക്കോ സിനിമ പ്രവർത്തകർക്ക് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു ദിൻജിത്.മുൻ ചിത്രമായ കിഷ്കിന്ധ കാണ്ഡം ഇതുപോലെ മൗത് പബ്ലിസിറ്റിയിലൂടെ വിജയിച്ച സിനിമയായിരുന്നു എന്നും ദിൻജിത് അയ്യത്താൽ പറഞ്ഞു.
ദുബൈ ലുലു സ്റ്റേഡിയം പരിസരത്ത് നടന്ന സ്വീകരണ ചടങ്ങിൽ നിരവധി സിനിമ പ്രേമികൾ ഒത്തുകൂടി.സംവിധാന രംഗത്തേക്ക് തിരിയാത്തത് പിന്നീട് ഛായാഗ്രഹണ അവസരങ്ങൾ കുറയുമോ എന്ന പേടി മൂലമാണെന്ന് ഛായാഗ്രാഹകനും തിരക്കഥാകൃത്തുമായ ബാഹുൽ രമേശ് പറഞ്ഞു.മിക്ക ക്യാമാറാമാന്മാർക്കും ഈ പേടിയുണ്ട്. 2018ൽ കക്ഷി അമ്മിണിപ്പിളള എന്ന ചിത്രം തൊട്ട് സംവിധായകൻ ദിൻജിത്തുമായി സൗഹൃദം പുലർത്തിവരുന്നു എന്നും ബാഹുൽ രമേശ് പറഞ്ഞു.
മികച്ച കഥാപാത്രങ്ങളെ മാത്രം തിരഞ്ഞെടുത്ത് അഭിനയിക്കുക എന്നതുകൊണ്ടാണ് മലയാളത്തിൽ സിനിമകളിൽ കൂടുതൽ അഭിനയിക്കാത്തതെന്ന് നടൻ നരെയ്ൻ പറഞ്ഞു. തമിഴിൽ ശ്രദ്ധ പതിപ്പിച്ചതും ഇതിന് കാരണമായി. എക്കോയിലെ ശക്തമായ കഥാപാത്രത്തെ മികച്ച ഒരു സിനിമയിൽ അവതരിപ്പിക്കാൻ പറ്റിയതിൽ ഏറെ സന്തോഷമുണ്ട്. ഇതുവരെ വിളിക്കാത്ത പലരും വിളിച്ച് അഭിനന്ദിക്കുന്നു എന്നും നടൻ നരെയ്ൻ പറഞ്ഞു
കഥ നടക്കുന്ന സ്ഥലം തിരഞ്ഞെടുത്തത് എക്കോയുടെ വിജയത്തിന് കാരണമായെന്ന് നടൻ സന്ദീപ് പറഞ്ഞു. അതു തന്നെയാണ് ഈ ചിത്രത്തെ വേറിട്ടുനിർത്തുന്നത്. തിരക്കഥയിൽ എല്ലാം തന്നെ കൃത്യമായി എഴുതിവച്ചിരുന്നു. അതു വായിച്ചപ്പോൾ കിട്ടിയ ഫയർ കഠിനാധ്വാനം ചെയ്‌ത് അഭിനയിക്കാൻ പ്രചോദനമായെന്നും സന്ദീപ് പറഞ്ഞു. നടൻ ബിനു പപ്പു, നിർമാതാവ് എം.ആർ.കെ ജയറാം, പ്രൊഡക്‌ഷൻ കൺട്രോളർ ഷാഫി ചെമ്മാട് എന്നിവരും സംബന്ധിച്ചു.



