
വാഷിങ്ടൺ : അഹമ്മദാബാദ് വിമാന ദുരന്തവുമായി ബന്ധപ്പെട്ട് ഗുരുതര വെളിപ്പെടുത്തലുകളുമായി വിസിൽ ബ്ലോവർ റിപ്പോർട്ട് . തകർന്ന എയർ ഇന്ത്യ വിമാനത്തിന് വർഷങ്ങളായി ഇലക്ട്രിക്കൽ സംവിധാനങ്ങളിലും കമ്പ്യൂട്ടർ സിസ്റ്റങ്ങളിലുമുള്ള തകരാറുകൾ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. 2022-ൽ വിമാനത്തിൽ വലിയ ഇലക്ട്രിക്കൽ തീപിടിത്തം ഉണ്ടായതായും രേഖകളിലുണ്ട്.
2014-ൽ ഇന്ത്യയിലെത്തിയ ആദ്യദിവസം മുതൽ തന്നെ സാങ്കേതിക പ്രശ്‌നങ്ങൾ ആരംഭിച്ചുവെന്നും, തുടർച്ചയായി 11 വർഷത്തോളം അവ നിലനിന്നുവെന്നും ഫൗണ്ടേഷൻ ഫോർ ഏവിയേഷൻ സേഫ്റ്റി അമേരിക്കൻ സെനറ്റിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. പ്രധാന സിസ്റ്റം ഭാഗങ്ങൾ പലതവണ മാറ്റിയതായും, ലാൻഡിങ് ഗിയറുമായി ബന്ധപ്പെട്ട ഗുരുതര തകരാറുകൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നുവെന്നും വ്യക്തമാക്കുന്നു.
കഴിഞ്ഞ വർഷം ജൂൺ 12-ന് അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്കു പുറപ്പെട്ട വിമാനം പറന്നുയർന്നതിന് പിന്നാലെ ജനവാസ മേഖലയിലേക്ക് ഇടിച്ചുവീണതാണ് ദുരന്തത്തിലേക്ക് നയിച്ചത്. ഈ അപകടത്തിൽ മുൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുൾപ്പെടെ 241 പേർക്ക് ജീവൻ നഷ്ടമായി.
ഈ വെളിപ്പെടുത്തലുകൾ വിമാന സുരക്ഷയെക്കുറിച്ചുള്ള ഗുരുതര ചോദ്യങ്ങളാണ് ഉയർത്തുന്നത്. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് വിവിധ കോണുകളിൽ നിന്ന് ശക്തമായ പ്രതിഷേധങ്ങളും ഉയരുകയാണ്.



