ദുബൈ: യുഎഇയിലെ വിദ്യാഭ്യാസ രംഗത്തെ പ്രമുഖരായ പേസ് ഗ്രൂപ്പ് ഇരുപത്തിയഞ്ചാം വാർഷിക ആഘോഷത്തിന്‍റെ നിറവിൽ.ഇതിന്റെ ഭാഗമായി ദുബൈ എത്തിസലാത്ത് അക്കാദമിയിൽ ‘പേസ് സിൽവിയോറ’ എന്ന പേരിൽ നടന്ന ആഘോഷത്തിൽ യുഎഇ സഹിഷ്ണുത, സഹവർത്തിത്വ വകുപ്പ് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ മുഖ്യാതിഥിയായിരുന്നു.

1966-ൽ യുഎഇയിലെത്തിയ മലയാളിയായ ഡോ. പി.എ. ഇബ്രാഹിം ഹാജി വിദ്യാഭ്യാസ മേഖലയ്ക്ക് നൽകിയ സംഭാവനകളെ ശൈഖ് നഹ്യാൻ പ്രശംസിച്ചു. പേസ് ഗ്രൂപ്പിന്‍റെ 25 വർഷത്തെ യാത്ര അദ്ദേഹത്തിന്‍റെ കാഴ്ചപ്പാടിന്‍റെയും അർപ്പണബോധത്തിന്‍റെയും തെളിവാണെന്ന് മന്ത്രി പറഞ്ഞു.
ഇന്ത്യ, യുഎഇ, കുവൈറ്റ് എന്നിവിടങ്ങളിലെ പേസ് സ്കൂളുകൾ സഹിഷ്ണുതയുള്ള ആഗോള പൗരന്മാരെയാണ് സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ദീർഘകാലമായി സ്ഥാപനത്തിൽ സേവനമനുഷ്ഠിക്കുന്ന 743 ജീവനക്കാരെ ചടങ്ങിൽ ആദരിച്ചു. 30, 20, 10, 5 വർഷം പൂർത്തിയാക്കിയവർക്ക് സ്വർണ്ണനാണയങ്ങളും സ്മാരക ചിഹ്നങ്ങളും സമ്മാനിച്ചു. 25 വർഷം പൂർത്തിയാക്കി ലോയൽറ്റി അവാർഡ് നേടിയവർക്ക് ശൈഖ് നഹ്യാൻ പ്രത്യേക അഭിനന്ദനങ്ങൾ അറിയിച്ചു.
പേസ് ഗ്രൂപ്പ് ബോർഡ് അംഗങ്ങളായ അബ്ദുൾ ലത്തീഫ് ഇബ്രാഹിം, ഷാഫി ഇബ്രാഹിം, അബ്ദുള്ള ഇബ്രാഹിം, അമീൻ ഇബ്രാഹിം, സൽമാൻ ഇബ്രാഹിം, സുബൈർ ഇബ്രാഹിം, ബിലാൽ ഇബ്രാഹിം, ആദിൽ ഇബ്രാഹിം എന്നിവരും ആസിഫ് മുഹമ്മദ്, മലയിൽ മൂസക്കോയ, അഹമ്മദ് കുട്ടി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.



