ദുബൈ :തിരുവനന്തപുരം മെഡിക്കൽ കോളജിന് പൂർവവിദ്യാർഥികളുടെ പിന്തുണയിൽ ഡോ. തങ്കവേലു മെഡിക്കൽ എജുക്കേഷൻ സെന്റർ വരുന്നു. കോളജിലെ ഐതിഹാസിക വ്യക്തിത്വമായിരുന്ന മുൻ പ്രിൻസിപ്പൽ ഡോ. തങ്കവേലുവിന്റെ പേരിൽ 30,000 ചതുരശ്ര അടി വിസ്തീർണത്തിലാണ് പുതിയ അമിനിറ്റി ആൻഡ് മെഡിക്കൽ എജുക്കേഷൻ സെന്റർ വിഭാവനം ചെയ്തിരിക്കുന്നത്. മെഡിക്കൽ കോളജ് പൂർവവിദ്യാർഥി സംഘടനയും യു.എ.ഇയിലെ ഡോക്ടർമാരുടെ കൂട്ടായ്മയായ എ.കെ.എം.ജി (AKMG) യും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.

ദുബൈയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഭാരവാഹികൾ സംസാരിക്കുന്നു
പദ്ധതിയുടെ നിർമാണത്തിനായി ആവശ്യമായ തുക സമാഹരിക്കുന്നതിന് വിപുലമായ ക്രമീകരണങ്ങളാണ് ഭാരവാഹികൾ ഏർപ്പെടുത്തിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ പങ്കുചേരുന്ന 300 പേരിൽ നിന്ന് ഒരു ലക്ഷം രൂപ മുതൽ 15 ലക്ഷം രൂപ വരെ സമാഹരിച്ച് അവർക്ക് കേന്ദ്രത്തിൽ പ്രത്യേക അംഗത്വം നൽകും. മെഡിക്കൽ കോളജിലെ പഠനകാലത്തിന് ശേഷം ലോകത്തിന്റെ വിവിധ കോണുകളിൽ സേവനമനുഷ്ഠിക്കുന്ന ഡോക്ടർമാരുടെ വലിയൊരു ശൃംഖലയെ ഈ സംരംഭത്തിന് പിന്നിൽ അണിനിരത്താനാണ് സംഘടനയുടെ തീരുമാനം. ദുബൈയിൽ നടന്ന വാർത്താസമ്മേളനത്തിൽ ഡോ. എം.എ. മുഹമ്മദ്, ഡോ. സിറാജുദ്ദീൻ പി. മൊയ്ദീൻ, ഡോ. കൃഷ്ണപ്രസാദ്, ഡോ. ഫിറോസ് ഗഫൂർ, ഡോ. ജമാലുദ്ദീൻ അബൂബക്കർ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.



