ദുബൈ: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പ്രഖ്യാപിച്ച ‘2026 കുടുംബ വര്‍ഷം’ എന്ന ആശയത്തെ അടിസ്ഥാനമാക്കി പ്രഗത്ഭ വാഗ്മിയും ചിന്തകനും പാർലമെന്റേറിയനുമായ ഡോ.എം.പി അബ്ദുസമദ് സമദാനി എം.പി യുടെ പ്രഭാഷണം ഫെബ്രുവരി 21ന് ശനിയാഴ്ച റമദാൻ 4 ന് രാത്രി 8.30ന് ദുബൈ അല്‍ബറാഹയിലെ വിമന്‍സ് അസോസിയേഷന്‍ ഓഡിറ്റോറിയല്‍ നടക്കും. “കുടുംബം: മാനവത്വത്തിൻ്റെ അടിസ്ഥാനം” എന്ന വിഷയത്തിൽ സമദാനി സദസ്സിനോട് സംവദിക്കും.

ബഹുസ്വരതയും കുടുംബമാഹാത്മ്യവും മൈത്രിയും സാമൂഹിക സുസ്ഥിരതയും രാഷ്ടധർമ്മവും പ്രമേയമാക്കി ഡോ.എം.പി അബ്ദുസ്സമദ് സമദാനി, എം.പി പതിറ്റാണ്ടുകളായി നടത്തി വരുന്ന പ്രഭാഷണങ്ങൾ പഴയ തലമുറയിലും പുതുതലമുറയിലും ഒരുപോലെ ഏറെ സ്വാധീനം ചെലുത്തി വരുന്നു. സാമൂഹിക മാധ്യമങ്ങളുടെ അതിപ്രസരത്താല്‍ മനുഷ്യബന്ധങ്ങള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ സമദാനിയുടെ വാഗ്ധോരണികൾക്ക് പ്രസക്തി ഏറെയാണെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സാമൂഹിക-കുടുംബ ബന്ധങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന യുഎഇ 2026-നെ കുടുംബ വര്‍ഷമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രവാസികള്‍ക്കായി ഒരുക്കുന്ന ഈ പ്രഭാഷണ പരിപാടിക്ക് ഏറെ പ്രധാന്യമുണ്ട്. റമദാന്റെ ആദ്യ ദിനങ്ങളില്‍ ഒരുക്കുന്ന പ്രഭാഷണ പരിപാടിയെന്ന നിലയിലും പ്രസക്തിയുണ്ട്. മലപ്പുറം ജില്ലയിലെ കോട്ടക്കലിൽ ആരംഭിക്കുകയും പിന്നീട് കോഴിക്കോട് സ്റ്റേഡിയം ഗ്രൗണ്ടിലും കടപ്പുറത്തും നടത്തി വന്ന സമദാനിയുടെ ഓരോ വാർഷിക പ്രഭാഷണങ്ങളിലും ലക്ഷക്കണക്കിന് പേരാണ് പങ്കെടുത്തിരുന്നത്.
റിസോഴ്‌സ് ആന്റ് ഇന്റലക്ട് ലേണിംഗ് ഇനീഷ്യറ്റീവ് (RAIN) എന്ന സാംസ്കാരിക കൂട്ടായ്മയാണ് സംഘാടകർ.
പണ്ഡിതന്‍, പ്രഭാഷകന്‍, എഴുത്തുകാരന്‍, അധ്യാപകന്‍, മാധ്യമ പ്രവര്‍ത്തകന്‍, പാര്‍ലമെന്റെറിയന്‍ തുടങ്ങി നിരവധി പ്രതിഭാവിലാസമുള്ള ഡോ.എം.പി അബ്ദുസമദ് സമദാനി എം.പിയുടെ പ്രഭാഷണത്തിന് ദുബൈയില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. ആയിരങ്ങൾക്ക് കുടുംബസമേതം പ്രഭാഷണം ശ്രവിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. യുഎഇയിലെ കെ.എം.സി.സി ഉള്‍പ്പെടെയുള്ള വിവിധ സംഘടനാ നേതാക്കളും പ്രവര്‍ത്തകരും അറബ് വ്യക്തിത്വങ്ങളും വ്യവസായ-വാണിജ്യ രംഗത്തെ പ്രമുഖരും സാംസ്‌കാരിക പ്രവര്‍ത്തകരും അതിഥികളായെത്തും.
കുടുംബ ശ്രോതാക്കളുടെ മികച്ച പങ്കാളിത്തം പ്രതീക്ഷിക്കുന്ന പരിപാടിയിൽ സ്ത്രീകൾക്കായി പ്രത്യേകം സൗകര്യം സജ്ജീകരിച്ചിട്ടുണ്ട്. അബൂബക്കർ സിദ്ധീഖ് മെട്രോ സ്റ്റേഷനിൽ നിന്ന് ബസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ചെയർമാൻ സി പി അബ്ദുസ്സമദ് (ബാബു എടക്കുളം), ജനറൽ കൺവീനർ അബ്‌ദുസലാം പരി, മീഡിയ ചെയർമാൻ ഇസ്മായിൽ ഏറാമല, ആക്ടിംഗ് ചെയർമാൻ ഷഫീർ ചങ്ങരംകുളം, വൈസ് ചെയർമാൻ സിദ്ദീഖ് കാലൊടി, കൺവീനർ ശരീഫ് മലബാർ, സബ് കമ്മിറ്റി ചെയർമാൻ ഫൈസൽ ഫിനിക്സ് എന്നിവർ വാർത്താ സമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു.



