ദുബൈ : കളരിപ്പയറ്റിന്റെ പാരമ്പര്യവും മൂല്യങ്ങളും പകർന്നുനൽകുന്ന വി.കെ.എം കളരിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ഗുരുശ്രേഷ്ഠം-പ്രതിഭാസംഗമം’ നടത്തി. കളരിയുമായി വർഷങ്ങളായി ബന്ധപ്പെട്ട് പരിശീലനം തുടരുന്ന ശിഷ്യരെയും പൂർവവിദ്യാർഥികളെയും ചടങ്ങിൽ ആദരിച്ചു. 15 വർഷമായി കളരിപ്പയറ്റ് അഭ്യസിക്കുന്ന ശിഷ്യർക്ക് ‘ഗുരു പുരസ്‌കാരം’ നൽകിയാണ് ആദരിച്ചത്. ഇതോടൊപ്പം 10 വർഷത്തിലധികമായി സ്ഥാപനത്തിൽ പരിശീലനം നേടിയ പൂർവവിദ്യാർഥികൾക്കും പ്രത്യേക ആദരവ് നൽകി.
പരിപാടിയുടെ ഭാഗമായി 350 കുട്ടികളെ മെയ്ത്താരി ഘട്ടത്തിൽ നിന്ന് ‘പ്രതിരോധ’ എന്ന ഉയർന്ന പരിശീലന തലത്തിലേക്ക് ഉയർത്തുന്ന ചടങ്ങും സംഘടിപ്പിച്ചു. തന്റെ 42 വർഷത്തെ കളരിപ്പയറ്റ് ജീവിതത്തിൽ സ്വായത്തമാക്കിയ അറിവുകളും പരിശീലന രീതികളും കേരളത്തിലെ പാരമ്പര്യ രീതിയിൽ തന്നെ പുതുതലമുറയിലേക്ക് കൈമാറുന്നതിനായി പരിശീലനത്തെ എട്ട് ഘട്ടങ്ങളായി വിഭജിച്ചിട്ടുണ്ടെന്ന് വി.കെ.എം കളരിയുടെ സ്ഥാപകനും മുഖ്യഗുരുവുമായ മണികണ്ഠൻ ഗുരുക്കൾ പറഞ്ഞു.

പ്രവാസ ലോകത്ത് കളരിപ്പയറ്റിന്റെ പ്രാധാന്യം കൂടുതൽ പേരിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് പൊന്നാനി സ്വദേശിയായ മണികണ്ഠൻ ഗുരുക്കൾ പറഞ്ഞു. നാല് പതിറ്റാണ്ടിലേറെ നീളുന്ന തന്റെ കളരി ജീവിതം കൂടുതൽ പേരിലേക്ക് പാരമ്പര്യ ആയോധനകലയുടെ മഹത്വം എത്തിക്കാൻ പ്രചോദനമാകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2011-ൽ ദുബായ് കരാമയിൽ ആദ്യ ശാഖ ആരംഭിച്ച വി.കെ.എം കളരി ഇന്ന് ഖിസൈസ്, അൽ നഹ്ദ, ഷാർജ എന്നിവിടങ്ങളിലായി പ്രവർത്തിക്കുന്നു. പുരുഷന്മാർ മാത്രം ആധിപത്യം പുലർത്തിയിരുന്ന കളരിപ്പയറ്റ് മേഖലയിലേക്ക് ഇന്ന് സ്ത്രീകളും കുട്ടികളും വലിയ തോതിൽ കടന്നുവരുന്നത് ഈ കലാരൂപത്തിന് ലഭിക്കുന്ന സ്വീകാര്യതയുടെ തെളിവാണെന്ന് സംഘാടകർ ചൂണ്ടിക്കാട്ടി.
കളരിപ്പയറ്റിലെ വടക്കൻ ശൈലി പിന്തുടരുന്ന മണികണ്ഠൻ ഗുരുക്കൾക്ക്, കളരിയുടെ ലോകവേദിയായ പൊന്ന്യത്തങ്കത്ത് പദ്മശ്രീ മീനാക്ഷി അമ്മ ഗുരുക്കളിൽ നിന്ന് ലഭിച്ച അനുമോദനം തന്റെ കളരി ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട അംഗീകാരങ്ങളിലൊന്നാണെന്നും അദ്ദേഹം പറഞ്ഞു.



