ദുബൈ:ഹോർമുസിൽ സംഘർഷം തുടരുന്നതിനിടയിൽ ഇറാനും അമേരിക്കയും വീണ്ടും ചർച്ചാലേക്ക് എത്തുമെന്ന സൂചനകൾ പുറത്തു വരുന്നുണ്ട്.ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഘ്ചിക്കും അടുത്തയാഴ്ച ന്യൂയോർക്കിൽ നടക്കുന്ന യു.എൻ ജനറൽ അസംബ്ലിയിൽ പങ്കെടുക്കാൻ അമേരിക്ക വിസ അനുവദിച്ചു. ഇരു രാജ്യങ്ങളും യുദ്ധത്തിലായിരിക്കെയാണ് നിർണായക തീരുമാനം.
യു.എൻ ആസ്ഥാനരാജ്യമെന്ന നിലയിലെ ബാധ്യതകൾ പാലിച്ചാണ് ഇറാന്റെ പ്രധാന പ്രതിനിധി സംഘത്തിന് പ്രവേശനം അനുവദിക്കുന്നതെന്ന് അമേരിക്ക വ്യക്തമാക്കി. എന്നാൽ സംഘത്തിന്റെ വലുപ്പം കുറയ്ക്കുകയും യാത്രയ്ക്കും ചില വാങ്ങലുകൾക്കും നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്യും.

ഇതിനിടെ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയും ഇറാനും ഇടയ്ക്കിടെ ചർച്ചകൾ തുടരുന്നതായും റിപ്പോർട്ടുണ്ട്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാൻ കരാറിന് തയ്യാറാകണമെന്ന് ആവർത്തിക്കുമ്പോൾ, തങ്ങളുടെ നിബന്ധനകൾ അംഗീകരിക്കാതെ സമാധാന കരാറിലേക്ക് പോകില്ലെന്നാണ് ഇറാന്റെ നിലപാട്.യു.എൻ ജനറൽ അസംബ്ലിക്കിടെ ട്രംപ് ഗൾഫ് രാജ്യങ്ങളുടെ നേതാക്കളുമായും ഇറാൻ യുദ്ധം ചർച്ച ചെയ്യുമെന്നാണ് റിപ്പോർട്ട്.
അതിനാൽ ന്യൂയോർക്കിൽ ഇറാൻ–അമേരിക്ക നേരിട്ടുള്ള ചർച്ച നടക്കുമോ എന്നതാണ് ഇനി പ്രധാന ചോദ്യം. എന്നാൽ അത്തരമൊരു നേരിട്ടുള്ള കൂടിക്കാഴ്ച ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല



