
പിടികിട്ടാപ്പുള്ളികളെയും വിസ നിയമലംഘകരെയും പിടികൂടാനൊരു പൊലീസ് വാഹനം. കുറ്റവാളികളാണെന്ന കാര്യം പൊലീസിനറിയില്ലെങ്കിലും ദുബൈ നഗരത്തിലൂടെ ഇവർ നടന്നാല്‍ പിടിവീഴും. രേഖകള്‍ പരിശോധിക്കാതെ തന്നെ പൊലീസിന് വിവരം കിട്ടും. ആർട്ടിഫിഷ്യൽ ഇന്റലിജന്‍സ് സംവിധാനങ്ങളുള്ള പരിശോധനാ വാഹനങ്ങള്‍ ദുബൈ വേള്‍ഡ് സെന്‍ട്രലില്‍ നടന്നുവരുന്ന ദുബായ് എയര്‍ഷോ 2023ല്‍ പ്രദർശിപ്പിച്ചിട്ടുണ്ട് ദുബൈ പൊലീസ്.
ആളുകളുടെ മുഖവും വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റും സ്‌കാന്‍ ചെയ്ത് ആളെ തിരിച്ചറിഞ്ഞ് ഉടന്‍ പോലീസിന് വിവരം കൈമാറാനുള്ള എഐ സാങ്കേതിക വിദ്യയാണ് വാഹനത്തിലുള്ളത്. വൈകാതെ വാഹനം നിരത്തിലിറക്കുമെന്ന് കരുതുന്നു. തുടര്‍ച്ചയായി 16 മണിക്കൂര്‍ വരെ ഈ യന്ത്രം വിശ്രമമില്ലാതെ ജോലിചെയ്യുന്ന ഈ വാഹനം മൈക്രോപോളിസ് റോബോട്ടിക്‌സുമായി സഹകരിച്ചാണ് നിര്‍മിച്ചത്. M-O2 എന്നാണ് പേര്.
ഫേഷ്യല്‍, കാര്‍ നമ്പര്‍ പ്ലേറ്റ് റെക്കഗ്‌നിഷന്‍ ടെക്‌നോളജിയുള്ള 360 ഡിഗ്രി ക്യാമറയാണ് ഇതിന്റെ പ്രധാന സവിശേഷത. മോഷന്‍ ഡിറ്റക്ടറുള്ള ഇവയ്ക്ക് ഇത് സദാസമയവും ജനങ്ങളെ നിരീക്ഷിക്കുകയും, തിരിച്ചറിയുകയും ചെയ്യും. സംശയാസ്പദമായ വാഹനങ്ങള്‍ കണ്ടാല്‍ പൊലീസിനെ വാഹനം അറിയിക്കുകയും ചെയ്യും. ഓരോ പ്രദേശത്തും നിശ്ചിത എണ്ണം ഇത്തരം പോലീസ് വാഹനങ്ങള്‍ ഇറക്കി കുറ്റകൃത്യങ്ങൾ കുറക്കാനാകുമെന്നും ദുബൈ പൊലീസ് പറയുന്നു.



