ഖുവൈൻ പോലീസിന്റെ മയക്കുമരുന്ന് വിരുദ്ധ വിഭാഗം നടത്തിയ പരിശോധനയിൽ ദുബായിലെ അൽ നഹ്ദ ഏരിയയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 2023 ഓഗസ്റ്റിൽ 30 വയസ്സുള്ള ജോർദാൻകാരനെ അധികൃതർ അറസ്റ്റ് ചെയ്തതോടെയാണ് അന്വേഷണം മയക്കുമരുന്ന് കടത്തുകാരിലേക്ക് എത്തിയത്. 33 കാരനായ സുഡാനിയിൽ നിന്ന് കഞ്ചാവ് വാങ്ങിയതായി ജോർദാൻ സ്വദേശി സമ്മതിച്ചു. 2023 സെപ്റ്റംബറിൽ ദുബൈ ഫെസ്റ്റിവൽ സിറ്റിക്ക് സമീപത്ത് നിന്ന് സുഡാനിയെ പോലീസ് അറസ്റ്റ് ചെയ്തു. ബംഗ്ലാദേശി യുവാവിൽ നിന്നാണ് തനിക്ക് ലഹരി വസ്തുക്കൾ ലഭിച്ചതെന്ന് ഇയാൾ സമ്മതിച്ചു.

ഒരു ഇടപാടിന് 300 ദിർഹം മുതൽ 500 ദിർഹം വരെ നൽകി ബംഗ്ലാദേശി പ്രതിയിൽ നിന്ന് ഒന്നിലധികം തവണ കഞ്ചാവ് വാങ്ങിയതായി സുഡാനി സമ്മതിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബംഗ്ലാദേശിയായ പ്രതി പിടിയിലായത്. ഇയാളുടെ അൽ നഹ്ദയിലെ താമസ സ്ഥലത്ത് നടത്തിയ പരിശോധനയിൽ കഞ്ചാവ് കണ്ടെത്തി. മയക്കുമരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ട് ബംഗ്ലാദേശി യുവാവും മറ്റുള്ളവരും തമ്മിൽ നടത്തിയ ആശയവിനിമയത്തിന്റെ തെളിവുകളും അന്വേഷണത്തിൽ കണ്ടെത്തി. ഇയാളുടെ മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനക്ക് വിധേയമാക്കിയപ്പോൾ കോഡ് നാമങ്ങൾ ഉപയോഗിച്ചുള്ള നിരവധി മയക്കുമരുന്ന് ഇടപാടുകൾ ചർച്ച ചെയ്യുന്ന വാട്ട്സ്ആപ്പ് സംഭാഷണങ്ങൾ കണ്ടെത്തി