
റിയാദ്: കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി ഗ്രാൻഡ്-റയാൻ സൂപർ കപ്പ് ഫുട്ബാൾ ടൂർണമെൻറ് മൂന്നാം ആഴ്ചയിൽ നടന്ന മത്സരങ്ങളിൽ യൂത്ത് ഇന്ത്യ സോക്കറിന് ജയം. സുലൈ, വാഴക്കാട് എഫ്.സികൾ ഓരോ ഗോളുകൾ നേടി സമനിലയിൽ പിരിഞ്ഞു. റിയാദ് ദിറാബിലെ ദുറത് മൽഅബ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തില ഏകപക്ഷീയമായ ഒരു ഗോളിന് പ്രവാസി സോക്കർ സ്പോർട്ടിങ്ങിനെയാണ് യൂത്ത് ഇന്ത്യ സോക്കർ പരാജയപ്പെടുത്തിയിരുന്നത്. ആവേശകരമായ മത്സരം സമനിലയിലേക്ക് പോകുമെന്നുറപ്പിച്ച ഘട്ടത്തിലാണ് കളി അവസാനിക്കാൻ മൂന്ന് മിനിറ്റ് അവശേഷിക്കേ, യൂത്ത് ഇന്ത്യ സോക്കറിന് അനുകൂലമായി പെനാൽറ്റി കിട്ടിയത്. നിയാസ് എടുത്ത അനായാസ കിക്ക് ഗോളാവുകയും ഇതോടെ സെമി സാധ്യത സജീവമാക്കാനും യൂത്ത് ഇന്ത്യക്ക് സാധിച്ചു. പ്രവാസി സോക്കറിൻറ ഗോൾ കീപ്പർ മുഹമ്മദ് നിസാൽ കളിയിലെ മാൻ ഓഫ് ദ മാച്ച് അവാർഡിന് അർഹനായി. സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി സെക്രട്ടറിയേറ്റംഗം മുഹമ്മദ് വേങ്ങര അവാർഡ് കൈമാറി.



