ദുബൈ: നിയമങ്ങളും നിർദേശങ്ങളും പാലിക്കുന്നതിൽ മികവ് പുലർത്തിയ നഗരത്തിലെ 2172 ടാക്സി ഡ്രൈവർമാരെ ആദരിച്ച് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ).
റോഡ് അംബാസഡേർസ്’ സംരംഭത്തിന്റെ ഭാഗമായാണ് ആദരവ് സംഘടിപ്പിച്ചത്. നിയമങ്ങൾ പാലിക്കുന്നതിനും, വ്യക്തിപരമായും വാഹനത്തിന്റെയും മികച്ച ശുചിത്വം ഉറപ്പുവരുത്താനും, മറന്നുവെക്കുന്ന വസ്തുക്കൾ യഥാർഥ ഉടമകൾക്ക് തിരിച്ചുനൽകാനും ഡ്രൈവർമാരെ പ്രചോദിപ്പിക്കുകയാണ് സംരംഭം ലക്ഷ്യമിടുന്നത്. ഏറ്റവും മികച്ച സേവനം ഉപഭോക്താക്കൾക്ക് നൽകാൻ ഡ്രൈവർമാരെ പ്രോത്സാഹിപ്പിക്കാനുള്ള ലക്ഷ്യവുമായാണ് സംരംഭം ആർ.ടി.എ.ആരംഭിച്ചത്. കഴിഞ്ഞ ഒന്നര വർഷത്തെ പ്രവർത്തന കാലയളവിലെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് 2172 ടാക്സി ഡ്രൈവർമാരെ തെരഞ്ഞെടുത്തത്. സംരംഭം ഏറ്റവും മികച്ച സേവനം ലഭ്യമാക്കുന്നതിന് ഡ്രൈവർമാർക്കിടയിലും കമ്പനികൾക്കിടയിലും ആരോഗ്യകരമായ മത്സരം രൂപപ്പെടുത്തിയിട്ടുണ്ടെന്ന് ആർ.ടി.എ അറിയിച്ചു.
ഉപഭോക്താക്കളുടെ സംതൃപ്തി വർധിപ്പിക്കാനും യാത്രാനുഭവങ്ങൾ മെച്ചപ്പെടുത്താനും ഇതിലൂടെ എമിറേറ്റിലെ മൊത്തത്തിലുള്ള ജീവിത ഗുണനിലവാരം ഉയരാനും സഹായിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ഈ വർഷം ആദ്യ പകുതിയിൽ പൊതുഗതാഗതം ഉപയോഗിച്ചവരുടെ എണ്ണത്തിൽ 26 ശതമാനം പേരും ടാക്സി ഉപയോക്താക്കളാണ്.
മാതൃകാപരമായ പെരുമാറ്റം. ദുബൈയിലെ 2172 ടാക്സി ഡ്രൈവർമാരെ ആദരിച്ച് ആർ.ടി.എ.



