അബുദബി :എമിറേറ്റിൽ എണ്ണയിതര വിദേശവ്യാപാരം ഈ വര്‍ഷം ആദ്യ പകുതിയില്‍ 34.7 ശതമാനത്തിന്‍റെ വളര്‍ച്ച രേഖപ്പെടുത്തി. അബുദബിയുടെ സാമ്പത്തിക നയങ്ങളുടെ വിജയമാണ് എണ്ണയിതര
വിദേശ വ്യാപാരരംഗത്തെ വളര്‍ച്ച തെളിയിക്കുന്നതെന്ന് അബുദബി കസ്റ്റംസിലെ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ പറഞ്ഞു. നൂതന സംവിധാനങ്ങള്‍, നൂതനാശയങ്ങള്‍,ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ മുതലായവ പ്രയോജനപ്പെടുത്തിയാണ് ഈ രംഗത്ത് വളര്‍ച്ച നേടിയതെന്നും അധികൃതർ വ്യക്തമാക്കി. 2025ന്‍റെ ആദ്യ പാദത്തില്‍ അബുദബിയുടെ മൊത്ത ആഭ്യന്തര ഉല്‍പാദനം (ജി.ഡി.പി) 291 ശതകോടി ദിര്‍ഹമായതായി അബുദബി സ്റ്റാറ്റിസ്റ്റിക്സ് സെന്‍റര്‍ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കിയിരുന്നു. മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 3.4 ശതമാനത്തിന്‍റെ വര്‍ധനയാണ് ഈവര്‍ഷം രേഖപ്പെടുത്തിയത്. എണ്ണയിതര വരുമാനരംഗത്ത് കൈവരിച്ച വളര്‍ച്ചയാണ് ജി.ഡി.പി വർധനയ്ക്ക് കാരണം. ഉല്‍പാദനം, നിര്‍മാണം, സാമ്പത്തിക സേവനങ്ങള്‍, റിയല്‍ എസ്റ്റേറ്റ്, വ്യാപാരം തുടങ്ങിയ രംഗത്തുനിന്നാണ് എമിറേറ്റ് മികച്ച വരുമാനം നേടിക്കൊണ്ടിരിക്കുന്നത്.
എണ്ണയിതര വിദേശവ്യാപാരത്തിൽ കുതിച്ച്അബുദബി.



