ദുബൈ: എമിറേറ്റിലെ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ) ഡ്രൈവിങ് സ്കൂൾ വാഹനങ്ങളെ നിരീക്ഷിക്കുന്നതിന് സജ്ജീകരിച്ച സ്മാർട് സംവിധാനം വിജയകരം.
പരിശീലകരുടെയും പരിശീലിക്കപ്പെടുന്നവരുടെയും ഇടപെടലുകാളാണ് എ.ഐ സാങ്കേതികവിദ്യ സംയോജിപ്പിച്ച സംവിധാനം വഴി നിരീക്ഷിക്കുന്നത്. 1.73ലക്ഷത്തിലേറെ പരിശീലന സെഷനുകൾ കഴിഞ്ഞ ഏഴ് മാസങ്ങളിൽ സംവിധാനം വഴി നിരീക്ഷിച്ചതായി അധികൃതർ വെളിപ്പെടുത്തി.കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് സംവിധാനം 14ഇരട്ടി നിരീക്ഷണങ്ങൾ ഇത്തവണ നടത്തിയിട്ടുണ്ട്.ഡ്രൈവിങ് സ്കൂൾ വാഹനങ്ങളിൽ സ്ഥാപിച്ച കാമറകൾ വഴിയാണ് നിരീക്ഷണം നടത്തുന്നത്. ഈ കാമറകൾ നിർമ്മിത ബുദ്ധി സാങ്കേതിക വിദ്യയുമായി സംയോജിപ്പിച്ചതാണ്.പരിശീലകരോ പരിശീലിക്കപ്പെടുന്നവരോ മൊബൈൽ ഉപയോഗിക്കുക,സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, നിശ്ചിത പരിശീലന സോണുകൾക്ക് പുറത്തുപോവുക, യൂണിഫോം ധരിക്കാതിരിക്കുക, ഡ്രൈവ് ചെയ്യുമ്പോൾ ഭക്ഷണം കഴിക്കുകയോ, കുടിക്കുകയോ ഉറങ്ങുകയോ ചെയ്യുക തുടങ്ങിയ നിയമലംഘനങ്ങൾ സംവിധാനം ഓട്ടോമാറ്റിക്കായി കണ്ടെത്തും.
ദുബൈയിൽ ഡ്രൈവിങ് സ്കൂൾ വാഹനങ്ങൾ നിരീക്ഷണത്തിലാണ്,നിയമലംഘനങ്ങൾ ഓട്ടോമാറ്റിക്കായി കണ്ടെത്തും.



