ഷാർജ :പുതിയ അധ്യയന വർഷാരംഭത്തിന് മുന്നോടിയായി കുട്ടികളുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും സ്കൂളുകൾക്ക് ചുറ്റുമുള്ള ഗതാഗതം സുഗമമാക്കുന്നതിനുമായി വിവിധ നടപടികൾ പ്രഖ്യാപിച്ച് ഷാർജ പൊലീസ്.ട്രാഫിക്, ഓപറേഷൻസ്, സുരക്ഷ മീഡിയ, കമ്യൂണിറ്റി പ്രൊട്ടക്ഷൻ യൂനിറ്റുകൾ എന്നിവയുടെ സഹകരണത്തോടെ ‘നമ്മുടെ ആദ്യ പാഠം സുരക്ഷ’
എന്നപേരിലാണ് പുതിയ കാമ്പയിന് തുടക്കമിടുക. കാമ്പയിനിന്‍റെ ഭാഗമായി തിരക്കേറിയ സമയങ്ങളിൽ സ്കൂളുകൾക്ക് സമീപമുള്ള റോഡുകളുടെ സ്ഥിതിഗതികളെ കുറിച്ച് ഓപറേഷൻസ് സെന്‍ററിന്‍റെ മൊബൈൽ ഓപറേഷൻസ് റൂം തൽസമയ പ്രക്ഷേപണം നടത്തുമെന്ന് ഓപറേഷൻ സെന്‍റർ ഡയറക്ടർ പറഞ്ഞു.കൂടാതെ വിവിധ ബോധവത്കരണ വിഡിയോകൾ, ഡിജിറ്റൽ രൂപകൽപനകൾ സംവേദനാത്മകമായ പരസ്യങ്ങൾ എന്നിവയിലൂടെ ലളിതമായ ഭാഷയിൽ എല്ലാ പ്രായത്തിലുമുള്ള വിദ്യാർഥികൾക്കും അവബോധ ക്ലാസുകൾ നൽകും. സ്കൂളുകളിലും യാത്രയിലും കുട്ടികളിൽ സുരക്ഷ അവബോധവും ഉത്തരവാദിത്തപരമായ പെരുമാറ്റ രീതിയും വളർത്തുന്നതിനായി പരമ്പരാഗത, ഡിജിറ്റൽ മീഡിയ പ്ലാറ്റ്ഫോമുകളിലുടനീളം ഈ സംരംഭം പ്രവർത്തിക്കും. സ്കൂൾ തുറക്കുന്നതോടെ നിലവിലെ ട്രാഫിക് പട്രോൾ യൂനിറ്റുകളെ പുനർനിയോഗിക്കാൻ തീരുമാനിച്ചതായി
അധികൃതർ അറിയിച്ചു.



