റിയാദ്: സൗദിയിൽ നികുതി നിയമ ലംഘനങ്ങൾ കണ്ടെത്താൻ പരിശോധനകൾ ശക്തമാക്കി സകാത്ത്, ടാക്‌സ്, കസ്റ്റംസ് അതോറിറ്റി. വാറ്റ്, നികുതി നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ ജൂലൈ മാസത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 15,000ത്തിലധികം പരിശോധനകളാണ് നടത്തിയത്. നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുന്ന പൊതുജനങ്ങൾക്ക് പിഴയുടെ 2.5% വരെ പാരിതോഷികം നൽകുമെന്നും അതോറിറ്റി അറിയിച്ചിട്ടുണ്ട്. ചില്ലറ വിൽപ്പന, പുകയില, സ്വർണ്ണം, പൊതു സേവനങ്ങൾ തുടങ്ങിയ വാണിജ്യ മേഖലകളിലാണ് പ്രധാനമായും പരിശോധന നടന്നത്.
നികുതി മുദ്രകളുടെ അഭാവം, ഇലക്ട്രോണിക് ഡെബിറ്റ്/ക്രെഡിറ്റ് ബില്ലുകളും ഇൻവോയ്‌സുകളും നൽകാതിരിക്കൽ തുടങ്ങിയ നിരവധി നിയമലംഘനങ്ങൾ പരിശോധനയിൽ കണ്ടെത്തി. നികുതിദായകർ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുക, വാണിജ്യ ഇടപാടുകളിൽ സുതാര്യത ഉറപ്പാക്കുക എന്നിവയാണ് ഈ പരിശോധനകളുടെ പ്രധാന ലക്ഷ്യങ്ങൾ. സ്ഥാപനങ്ങളുടെ നികുതി ലംഘനങ്ങൾ ജനങ്ങൾക്ക് സെറ്റ്ക വെബ്‌സൈറ്റ് വഴിയോ, മൊബൈൽ ആപ്ലിക്കേഷൻ വഴിയോ നേരിട്ട് അറിയിക്കാവുന്നതാണ്. കൃത്യമായ വിവരങ്ങൾ നൽകുന്നവർക്ക് ഈടാക്കുന്ന പിഴത്തുകയുടെ 2.5% വരെ പാരിതോഷികമായി ലഭിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.



