ദുബൈ: എമിറേറ്റിലെ റോഡുകളിലെ ഗതാഗതം നിരീക്ഷിക്കാനും വിശകലനം ചെയ്യാനും ഡാറ്റ ഡ്രൈവ്-ക്ലിയർ ഗൈഡ്’ എന്ന പേരിൽ സ്മാർട്ട് ഡിജിറ്റൽ പ്ലാറ്റ്ഫോം അവതരിപ്പിച്ച് ദുബൈ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ). തൽസമയ വിവരങ്ങൾക്കൊപ്പം കഴിഞ്ഞ അഞ്ചു വർഷത്തെ വിവരങ്ങൾ കൂടി സംവിധാനത്തിൽ വിശകലനത്തിന് ഉപയോഗിക്കാനാകും.
റോഡിലെ സാഹചര്യം ഓരോ സമയത്തും മനസ്സിലാക്കുക, റോഡിലെ സ്പീഡ് വിലയിരുത്തുക, മാറിമാറി വരുന്ന ഗതാഗത രീതികൾ തിരിച്ചറിയുക, ഗതാഗതം എളുപ്പമുള്ള സമയം മനസ്സിലാക്കുക, തിരക്കേറിയ സ്ഥലങ്ങൾ കണ്ടെത്തുക, ഗതാഗതക്കുരുക്കും മറ്റു ഗതാഗത രീതികളും തിരിച്ചറിയുക എന്നിവ സ്മാർട് സംവിധാനത്തിലൂടെ സാധിക്കും. ദുബൈയിലെ ഗതാഗതക്കുരുക്ക് കുറക്കാനായി
എ. ഐ ഉപയോഗപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ആർ.ടി.എ പദ്ധതി നടപ്പിലാക്കുന്നത്.ഇതുവഴി ദുബൈയെ ലോകത്തെ ഏറ്റവും സ്മാർട്ടായ നഗരങ്ങളിൽ മുൻപന്തിയിൽ എത്തിക്കുന്നതിനും ഏറ്റവും മികച്ച സേവനങ്ങൾ ഉപഭോക്താക്കൾക്ക് നൽകാനും കഴിയും.



