ദുബൈ: വിവിധ മേഖലകളിൽ വലിയ മുന്നേറ്റം കാഴ്ചവെക്കുന്ന ദുബൈയിലെ സാമ്പത്തികരംഗം ഈ വർഷം ആദ്യ പാദത്തിൽ 4 ശതമാനം വളർച്ച രേഖപ്പെടുത്തി.
ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്നുമാസത്തിൽ നിക്ഷേപകരുടെ
ആകർഷണ കേന്ദ്രമായ എമിറേറ്റിലെ ജി.ഡി.പി 32.6 ശതകോടി ഡോളറായി വർധിച്ചതായും ദുബൈ മീഡിയ ഓഫീസ് വ്യാഴാഴ്ച വെളിപ്പെടുത്തി.
നിർണായകമായ വിവിധ മേഖലകളിലെ മികച്ച പ്രകടനമാണ് ദുബൈയുടെ നേട്ടത്തിന് കാരണമായിരിക്കുന്നത്.
ആരോഗ്യ, സാമൂഹിക സേവന മേഖല കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനേക്കാൾ 26 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.
മൂല്യം അടിസ്ഥാനമാക്കിയാൽ മൊത്ത, ചില്ലറ വ്യാപാര രംഗം 27.5 ശതകോടിയുമായി മുന്നിട്ടുനിൽക്കുകയാണ്. മുൻവർഷത്തേക്കാൾ ഈ മേഖല 4.5 ശതമാനം വളർച്ചയാണ് കൈവരിച്ചിരിക്കുന്നത്. ദുബൈയിലെ സുപ്രധാന മേഖലയായ റിയൽ എസ്റ്റേറ്റിന്റെ സംഭാവന 900 കോടി ദിർഹമാണ്.
ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 7.8 ശതമാനം വളർച്ചയാണ് നേടിയിരിക്കുന്നത് ദുബൈ ലാൻഡ് ഡിപ്പാർട്ട്‌മെന്റിന്റെ ഡാറ്റ പ്രകാരം ദുബൈ വിപണിയിലേക്ക് 59,000ത്തിലധികം പുതിയ നിക്ഷേപകർ പ്രവേശിച്ചതോടെ ഈ വർഷം ആദ്യ പകുതിയിൽ ദുബൈയിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകളുടെ അളവും മൂല്യവും കുത്തനെ ഉയർന്നിട്ടുണ്ട്.



