ബുറൈദ: ആഗോളതലത്തിൽ ഏറ്റവും വലിയ ഈന്തപ്പഴമേളയായി അറിയപ്പെടുന്ന ബുറൈദ ‘ഈന്തപ്പഴോത്സവം 2025’ ലെ അപൂർവ്വ ഈന്തപ്പഴങ്ങളുടെ ശേഖരങ്ങൾ സന്ദർശകരെ ആകർഷിക്കുന്നു.ഓഗസ്റ്റ് 30 വരെ തുടരുന്ന മേള കാണാനും വിപണത്തിനും വേണ്ടി സൗദിയിൽ നിന്നും മറ്റു ജിസിസി രാജ്യങ്ങളിൽ നിന്നുമുള്ള ആളുകളുടെ നല്ല തിരക്കാണ്.പ്രവിശ്യ ഗവർണർറേറ്റിന്റെ മേൽനോട്ടത്തിൽ പരിസ്ഥിതി ജല കൃഷി മന്ത്രാലയത്തിന്റെയും ബുറൈദ മുൻസിപ്പാലിറ്റിയുടെയും പങ്കാളിത്തത്തോടെയാണ് മേള നടക്കുന്നത്. സ്വർണവർണവും തേൻ രുചിയുമുള്ള ‘സുക്കരി’ ഈന്തപ്പഴമാണ് മേളയിലെ പ്രധാന ഇനം മേഖലയിൽ വളരെ പ്രചാരമുള്ള സുക്കരിയുടെ നൂറുകണക്കിന് ടൺ ഈന്തപ്പഴമാണ് ഇവിടെ വിപണനം നടത്തുന്നത്.
പ്രാദേശിക കർഷകർക്കും ഈന്തപ്പഴ വ്യാപാരികൾക്കും വിപണന അവസരങ്ങൾ മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.ഈന്തപ്പഴ വില്പനയിലും ശേഖരത്തിലും ഉപഭോക്തൃ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുവാൻ പ്രത്യേക നിരീക്ഷണം നടത്താൻ അധികൃതർ രംഗത്തുണ്ട്. പരമ്പരാഗത പലഹാരങ്ങളും ഈന്തപ്പഴങ്ങൾ കൊണ്ട് നിർമ്മിക്കുന്ന ഭക്ഷണസാധനങ്ങളും കരകൗശല വസ്തുക്കളും മേളയിലെ വിവിധ പവിലിയനുകളിൽ വിൽപ്പനയ്ക്കുണ്ട്. താൽക്കാലികം ആണെങ്കിലും ധാരാളം പേർക്ക് തൊഴിലവസരങ്ങൾ ലഭിച്ചിട്ടുണ്ട്. ഈന്തപ്പഴ കൃഷി വിളവെടുപ്പ് പരിചരണം ഉൽപ്പന്ന വിപണനം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് സെമിനാറുകളും സംശയനിവാരണ ബോധവൽക്കരണ പരിപാടികളും വിവിധ സ്റ്റേജ് പരിപാടികളും വിനോദ പരിപാടികളും ഈന്തപ്പഴം ഉത്സവത്തിന്റെ ഭാഗമായി നടക്കുന്നുണ്ട്.



