ദുബൈ: എമിറേറ്റിന്‍റെ മലയോര മേഖലയായ ഹത്തയിലേക്ക് വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിന് കൂടുതൽ വികസന പദ്ധതികൾ നടപ്പിലാക്കുന്നു.ഇതിനോടകം തന്നെ പ്രദേശിക, വിദേശ സഞ്ചാരികളുടെ കേന്ദ്രമായി മാറിയ പ്രദേശത്ത് വാണിജ്യ, നിക്ഷേപ മേഖലകളിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്.ഹത്തയിലെ ഏറെ ആകർഷകമായ വെള്ളച്ചാട്ടത്തിന് സമീപത്തായി കടകളും റസ്റ്റോറന്‍റുകളും നടത്താനുള്ള സൗകര്യമാണ് മനോഹരമായി രീതിയിൽ പുതുതായി ഏർപ്പെടുത്തിയിരിക്കുന്നത്. സ്വദേശികൾക്കാണ് കടകളും റസ്റ്റോറന്‍റുകൾ നടത്താനുള്ള അവസരം.
വെള്ളച്ചാട്ടത്തിന് താഴെ വെള്ളമൊഴുകുന്ന സ്ഥലത്തിന് ഇരുഭാഗത്തുമായി 750 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് സംവിധാനം ഒരുക്കിയിട്ടുള്ളത്. നാല് റസ്റ്റോറന്‍റുകൾ, നാല് ചെറുകിട കടകൾ, ആറ് ഭക്ഷ്യ, പാനീയ കിയോസ്കുകൾ എന്നിവക്ക് ആവശ്യമായ സംവിധാനങ്ങൾ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. വ്യത്യസ്ത രീതിയിലുള്ള ഭക്ഷ്യ വിഭവങ്ങൾ, സുവനീറുകളും സമ്മാനങ്ങളും ലഭിക്കുന്ന കടകൾ എന്നിവയടക്കം ഇവിടെ സഞ്ചാരികൾക്കായി സജ്ജീകരിക്കാനാകും. ടൂറിസത്തെ സഹായിക്കുന്നതിനൊപ്പം, പ്രദേശിക സംസ്കാരത്തെയും ഹത്ത താമസക്കാരുടെ സ്വയം പര്യാപ്തതതയെയും പദ്ധതി പിന്തുണക്കും.



