ദുബൈ: അടുത്ത രണ്ട് ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴ പ്രതീക്ഷിക്കാമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (എൻ.സി.എം) അറിയിച്ചു. ബുധനാഴ്ച മുതൽ വ്യാഴാഴ്ച വരെ കിഴക്ക്, വടക്ക് മേഖലകളിലാണ് മഴ പ്രതീക്ഷിക്കുന്നത്. ചില ഉൾനാടുകളിലേക്ക് മഴ വ്യാപിക്കാനും സാധ്യതയുണ്ട്. ഇവിടങ്ങളിലെല്ലാം സംവഹന മേഘങ്ങൾ രൂപപ്പെടും. വ്യത്യസ്ത തീവ്രതയിൽ ശക്തമായ ഇടിമിന്നലോടു കൂടിയ മഴയായിരിക്കും ലഭിക്കുക.
തെക്കൻ മേഖലയിൽ ഉപരിതല ന്യൂനമർദം രൂപപ്പെടുന്നതാണ് വീണ്ടും വേനൽമഴക്ക് കാരണം.ഒമാൻ കടലിൽ നിന്നും അറേബ്യൻ കടലിൽ നിന്നും രാജ്യത്തേക്ക് ഈർപ്പമുള്ള വായു നീങ്ങുകയാണെന്നും എൻ.സി.എം വ്യക്തമാക്കി അതേസമയം പകൽ താപനില ഉയരും. കൂടാതെ, കിഴക്കൻ പർവതനിരകളുടെ സാന്നിധ്യം മൂലം ചിതറിക്കിടക്കുന്ന ചില പ്രദേശങ്ങളിൽ സംവഹന മേഘങ്ങൾ രൂപപ്പെടുകയും മഴക്ക് കാരണമാവുകയും ചെയ്യുമെന്നും എൻ.സി.എം അറിയിച്ചു. തെക്ക്-കിഴക്ക് മുതൽ വടക്ക്-കിഴക്ക് വരെ മിതമായ വേഗത്തിൽ കാറ്റ് വീശും. ചില സമയങ്ങളിൽ പൊടിപടലങ്ങൾ ഉയർത്തുകയും അത് ദൃശ്യപരത കുറക്കുകയും ചെയ്യുമെന്ന് എൻ.സി.എം മുന്നറിയിപ്പ് നൽകി.



