റിയാദ്: ഒമാനിലെ ഒരു മലയിൽ നിന്ന് വീണു സൗദി കവി സഊദ് മഅ്ദി അൽഖഹ്താനി മരിച്ചത്. ഒമാനിലെ ദോഫാർ ഗവർണറേറ്റിൽ മലകയറ്റം എന്ന തന്റെ ഹോബി പരിശീലിക്കുന്നതിനിടെയാണ് സംഹാൻ പർവതത്തിന്റെ ചരിവുകളിൽ നിന്ന് വഴുതി വീണ് സൗദി കവി അൽഖഹ്താനി മരിച്ചത്. ദോഫാറിലെ ഏറ്റവും പ്രധാനപ്പെട്ട പർവതനിരകളിൽ ഒന്നായ മലയിൽ നിന്ന് വീണതിനെ തുടർന്ന് അൽഖഹ്താനിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
സംഹാൻ പർവതത്തിന്റെ ഉയരത്തിൽ നിന്ന് കവി അൽഖഹ്താനി വീണ സംഭവത്തെക്കുറിച്ച് അന്വേഷിച്ചതായി മസ്‌കത്തിലെ സൗദി എംബസി വ്യക്തമാക്കി. മരിച്ചയാളുടെ മൃതദേഹം സൗദിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി ഒമാനിലെ അധികാരികളുമായി ഏകോപിപ്പിച്ച് പ്രവർത്തിക്കുന്നതായും അൽഖഹ്താനിയുടെ കുടുംബത്തോട് അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും സൗദി എംബസി അറിയിച്ചു.



