ഷാർജ :സാംസ്കാരിക–കുടുംബ–വിനോദ രംഗത്ത് ഷാർജയുടെ സ്ഥാനം കൂടുതൽ ഉറപ്പിച്ചുകൊണ്ട് ഷാർജ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി (ഷുറൂഖ്) അൽ ഖസ്ബയിൽ ‘പിനോക്യോ’ എന്ന പ്രശസ്ത നാടകം അവതരിപ്പിക്കുന്നു. ഈ മാസം 29 മുതൽ 31 വരെ അൽ ഖസ്ബയിലെ ‘മസ്റഹ് അൽ ഖസ്ബ’ തിയറ്ററിലാണ് നാടകം അരങ്ങേറുക.എച്ച് 2 പ്രൊഡക്ഷൻസുമായി സഹകരിച്ചാണ് ഈ ക്ലാസിക് കഥ അരങ്ങിലെത്തിക്കുന്നത്. വെല്ലുവിളികളും തമാശകളും ജീവിതപാഠങ്ങളും നിറഞ്ഞ പിനോക്യോയുടെ സാഹസിക യാത്രയാണ് നാടകത്തിന്റെ ഇതിവൃത്തം. വർണാഭമായ രംഗസജ്ജീകരണങ്ങൾ, മനോഹരമായ വേഷവിധാനങ്ങൾ, അവിസ്മരണീയമായ പ്രകടനങ്ങൾ എന്നിവ കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിക്കും. സംഗീതവും നാടകവും ദൃശ്യാനുഭവവും ഒരുമിപ്പിച്ച് അവതരിപ്പിക്കുന്ന ഈ പരിപാടി, വിനോദത്തിനൊപ്പം വിദ്യാഭ്യാസപരമായ മൂല്യങ്ങളും പങ്കുവയ്ക്കുന്നുണ്ട്.
പിനോക്യോയ്ക്ക് ശേഷം ഒക്ടോബറിൽ ‘എറൗണ്ട് ദ് വേൾഡ് ഇൻ 80 ഡെയ്സ്’ എന്ന കോമഡി നാടകവും ഡിസംബറിൽ ‘സ്നോ വൈറ്റ് ആൻഡ് ദ് സെവൻ ഡ്വാർഫ്സ്’ എന്ന നാടകവും പ്രേക്ഷകർക്കായി ഒരുക്കിയിട്ടുണ്ട്. മികച്ച കലാസംവിധാനം, ആകർഷകമായ കഥ പറച്ചിൽ, നൂതനമായ സ്റ്റേജ് വിദ്യകൾ എന്നിവയാൽ ഓരോ അവതരണവും വേറിട്ടുനിൽക്കുന്നതാണ്.



