ദുബൈ: പരീക്ഷാ രജിസ്ട്രേഷന് ആധാർ കാർഡ് ഹാജരാക്കണമെന്ന സി.ബി.എസ്.ഇ നിർദേശം യുഎഇയിലെ രക്ഷിതാക്കളെ ആശങ്കയിലാക്കുന്നു. വിദ്യാർഥികളുടെ പ്രാഥമിക തിരിച്ചറിയൽ രേഖയായ ആപാർ നമ്പർ തയാറാക്കാനാണ് ആധാർ കാർഡ് ആവശ്യപ്പെടുന്നത്. പ്രവാസി വിദ്യാർഥികളിൽ ഭൂരിപക്ഷം പേർക്കും ആധാർ കാർഡില്ല. ഗൾഫിലെ സി.ബി.എസ്.ഇ സ്കൂളുകളിൽ പഠിക്കുന്ന ഇന്ത്യക്കാരല്ലാത്ത വിദ്യാർഥികൾ ഇക്കാര്യത്തിൽ എന്ത് ചെയ്യുമെന്ന ചോദ്യത്തിനും സി.ബി.എസ്.ഇ മറുപടി നൽകിയിട്ടില്ല.
വിദ്യാർഥികളുടെ അക്കാദമിക രേഖകളും, കലാകായിരംഗത്തെ നേട്ടങ്ങൾ വ്യക്തമാക്കുന്ന രേഖകളും ഏകീകൃത നമ്പറിന് കീഴിൽ കൊണ്ടുവരുന്ന സംവിധാനമാണ് ആപാർ. ഒമ്പത് മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികളെയാണ് ആദ്യഘട്ടത്തിൽ ആപാറിന് കീഴിൽ കൊണ്ടുവരിക. ആപാറിൽ വിദ്യാർഥികളുടെ പേര് വിലാസം എന്നിവയുടെ ആധികാരികത ഉറപ്പാക്കാൻ രക്ഷിതാക്കളുടെയും കുട്ടികളുടെയും ആധാർ കാർഡ് ഹാജരാക്കണം. എന്നാൽ, ആധാർ കാർഡില്ലാത്ത പ്രവാസി വിദ്യാർഥികളും ഇന്ത്യക്കാരല്ലാത്ത വിദേശി വിദ്യാർഥികളും എന്ത് ചെയ്യുമെന്ന ചോദ്യവുമായി വിവിധ സ്കൂളുകൾ ദുബൈയിലെ സി.ബി.എസ്.ഇ മേഖലാ ഓഫീസിനെ സമീപിച്ചിട്ടുണ്ടെങ്കിലും ഉത്തരം ലഭിച്ചിട്ടില്ല.
ഈ അക്കാദമിക വർഷത്തെ പത്താം ക്ലാസ് മുതലുള്ള പരീക്ഷക്ക് അപേക്ഷിക്കാൻ ആപാർ നമ്പർ ആവശ്യമായി വരുന്നതിനാൽ ആദ്യം ആധാർ കാർഡ് വേണം. ഗൾഫിലിരുന്ന് ആധാറിന് അപേക്ഷിക്കാൻ സംവിധാനമില്ല. പരീക്ഷക്ക് മുമ്പ് ആധാർ കാർഡ് ലഭിക്കണമെങ്കിൽ നാട്ടിൽ പോയി അപേക്ഷ നൽകി കാത്തിരിക്കണം. പ്രവാസി വിദ്യാർഥികൾക്കും വിദേശി വിദ്യാർഥികൾക്കും ഇക്കാര്യത്തിലുള്ള ആശങ്ക പരിഹരിക്കാൻ സി.ബി.എസ്.ഇ മുന്നോട്ടുവരുമെന്ന പ്രതീക്ഷയിലാണ് ഗൾഫിലെ രക്ഷിതാക്കളും സ്കൂൾ അധികൃതരും.



