ദുബൈ: ഫുഡ് ഡെലിവറി സർവിസിന്റെ മറവിൽ അമിത നിരക്ക് ഈടാക്കുന്നത് തടയാൻ കർശന മാർഗനിർദേശങ്ങളുമായി ദുബൈ കോർപറേഷൻ ഫോർ കൺസ്യൂമർ പ്രൊട്ടക്ഷൻ ആൻഡ് ഫെയർ ട്രേഡ് (ഡി.സി.സി.സി.പി.എഫ്.ടി).
വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെയും സർവിസ് നിരക്കുകളുടെയും മുഴുവൻ വിവരങ്ങളും ഫുഡ് ഡെലിവറി കമ്പനികൾ ഓൺലൈൻ പ്ലാറ്റ് ഫോമിൽ പങ്കുവെക്കണമെന്നാണ് പുതിയ നിർ ദേശം. ഫുഡ് ഡെലിവറി കമ്പനികൾ പാലിക്കേണ്ട മാർഗനിർദേശങ്ങൾ അടങ്ങിയ നിയമ ചട്ടക്കൂടും ഡി.സി.സി.പി.എഫ്.ടി അതിന്റെ വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതുപ്രകാരം ഭക്ഷണ വിതരണ പ്ലാറ്റ്ഫോമുകൾ വ്യക്തവും സുതാര്യവും എളുപ്പത്തിൽ മനസ്സിലാക്കാവുന്നതു മായ ഭാഷ ഉപയോഗിക്കണം. എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന രീതിയിൽ സേവനനിരക്കുകൾ പ്രദർശിപ്പിക്കേണ്ടത്.വെബ്സൈറ്റുകൾ, മൊബൈൽ ആപ്പുകൾ, ടാ ബ്ലറ്റുകൾ, വിവിധ ഓപറേറ്റിങ് സംവിധാനങ്ങൾ തുടങ്ങി ഏത് പ്ലാറ്റ്ഫോമിൽ ആയാലും സേവന വിവരങ്ങൾ ഒരുപോലെ പ്രദർശിപ്പിക്കണം.
കൂടാതെ ഉപഭോക്താവിനെ ബാധിക്കുന്ന ഏതെങ്കിലും വിവരങ്ങൾ മറച്ചുവെക്കാനും പാടില്ല. ഉപഭോക്താവിന് അവ്യക്‌തത ഒഴിവാക്കുന്നതിനായി ഫുഡ് ഡെലിവറി കമ്പനികൾ ഓരോ ഭക്ഷണത്തിനും ഈടാക്കുന്ന കമീഷൻ നിരക്കുകൾ കൃത്യമായി അതത് പ്ലാറ്റ്ഫോമുകളിൽ വ്യക്തമാക്കുകയും വേണം. സ്പെഷൽ ഡിസ്കൗണ്ടുകൾ, പ്രമോഷനുകൾ എന്നിവ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ആകരുത്.ഫുഡ് ഡെലിവറി സ്ഥാപനങ്ങളുടെ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ സുതാര്യവും നീതിയുക്തവും ഉയർന്ന നിലവാരത്തിലും തുടരുന്നുവെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നിർദേശങ്ങൾ അധികൃതർ മുന്നോട്ടുവെച്ചിരിക്കുന്നത്.
ഫുഡ് ഡെലിവറി മേഖലയിൽ കൂടുതൽ നിക്ഷേപം ആകർഷിക്കാനും പുതിയ മാർഗനിർദേശങ്ങൾ ലക്ഷ്യമിടുന്നു.



