അബുദബി: യുഎഇയിലെ സ്കൂൾ വിദ്യാർഥികൾക്ക് മരുന്ന് നൽകാൻ പുതിയ നിയന്ത്രണം ഏർപ്പെടുത്തി. പ്രമേഹം, രക്തസമ്മർദം, ആസ്മ തുടങ്ങി വിട്ടുമാറാത്ത അവസ്ഥകളുള്ള വിദ്യാർഥികൾക്ക് മരുന്ന് നൽകുന്നതിനാണ് രാജ്യത്തെ സർക്കാർ, സ്വകാര്യ സ്കൂളുകൾ പുതിയ മാർഗനിർദേശം പുറത്തിറക്കിയത്. യഥാർഥ പായ്ക്കറ്റിലുള്ള മരുന്നുകളാണ് ക്ലിനിക്കിൽ ഏൽപിക്കേണ്ടത്. അവ വ്യക്തമായി ലേബൽ ചെയ്തിരിക്കണം. മരുന്നുകളുടെ പേര്, വിദ്യാർഥിയുടെ പേര്, അളവ്, കഴിക്കേണ്ട വിധം, സമയം എന്നിവ അടങ്ങിയ ഡോക്ടറുടെ കുറിപ്പടിയും ഇതോടൊപ്പം ഉണ്ടായിരിക്കണം.
മാതാപിതാക്കളുടെ രേഖാമൂലമുള്ള മുൻകൂർ അനുമതിയില്ലാതെ ആരോഗ്യസേവനങ്ങൾ നൽകാൻ കഴിയില്ലെന്നും വ്യക്തമാക്കുന്നു. കുട്ടിക്ക് വിട്ടുമാറാത്ത അസുഖമുണ്ടെങ്കിൽ മാതാപിതാക്കൾ സ്കൂളിലെ അഡ്മിനിസ്ട്രേഷനെയും നഴ്സിനെയും അറിയിക്കണം. സ്പെഷലിസ്റ്റ് ഹെൽത്ത് കെയർ അതോറിറ്റി നൽകിയ ഏറ്റവും പുതിയ വിവരങ്ങൾ അടങ്ങിയ മെഡിക്കൽ റിപ്പോർട്ടും ഹാജരാക്കണം. സ്കൂൾ സമയങ്ങളിൽ വിദ്യാർഥികളുടെ ആരോഗ്യം നിരീക്ഷിക്കാൻ ഇതു സഹായകമാകും.
ആന്റിബയോട്ടിക്ക്, ഇൻസുലിൻ തുടങ്ങി സ്കൂൾ സമയത്ത് മരുന്ന് നൽകേണ്ടതുണ്ടെങ്കിൽ അക്കാര്യം സ്കൂളിനെ പ്രത്യേകം അറിയിക്കണം. ആവശ്യമുള്ളപ്പോൾ മരുന്ന് സംഭരിക്കാനും നൽകാനും സ്കൂൾ ക്ലിനിക്കിനെ അനുവദിക്കുന്ന സമ്മതപത്രവും മാതാപിതാക്കൾ ഒപ്പിട്ടുനൽകണം. ഇതു ചെയ്യാതെ മരുന്നുകൾ ബാഗിൽ ക്ലാസിൽ കൊണ്ടുപോകാൻ അനുവദിക്കില്ല.കുട്ടികൾക്ക് സുരക്ഷിത ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കാൻ മാതാപിതാക്കൾ പൂർണമായും സഹകരിക്കണമെന്നും അഭ്യർഥിച്ചു.വിദ്യാർഥികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം.



