ദുബായ്: ലോകകപ്പ് ആവേശം വീണ്ടും ലോകത്തെ കീഴടക്കാൻ ഒരുങ്ങുകയാണ്. 2026 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ടൂർണമെന്റായിരിക്കും. അതിനാൽ ടിക്കറ്റ് വിൽപ്പന ആരംഭിച്ചിരിക്കുകയാണ്. 48 ടീമുകളും 104 മത്സരങ്ങളും ഉൾക്കൊള്ളുന്ന ലോകകപ്പ് അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ മൂന്ന് രാജ്യങ്ങളിലായി ജൂൺ 11 മുതൽ ജൂലൈ 19 വരെ നടക്കും. ഗ്രൂപ്പ് മത്സര ടിക്കറ്റുകൾക്ക് 60 ഡോളർ മുതൽ, ഫൈനൽ ടിക്കറ്റുകൾക്ക് 6,730 ഡോളർ വരെ വിലയുണ്ട്.
ടിക്കറ്റുകൾ മൂന്നു ഘട്ടങ്ങളിലായാണ് ലഭ്യമാക്കുക. 18 വയസ്സ് കഴിഞ്ഞ ആരാധകർക്ക് ഫിഫയുടെ ഔദ്യോഗിക വെബ്സൈറ്റിൽ കയറി, Fifa ID ഉണ്ടാക്കി Visa Presale Draw-ൽ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. തിരഞ്ഞെടുക്കപ്പെട്ടവർക്ക് സെപ്റ്റംബർ 29 മുതൽ അറിയിപ്പ് ലഭിക്കുകയും, ഒക്ടോബറിൽ ടിക്കറ്റ് ബുക്കിംഗിനുള്ള സമയസ്ലോട്ട് ലഭിക്കുകയും ചെയ്യും. എല്ലാ മത്സരങ്ങളുടെയും ടിക്കറ്റുകൾ “ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം” എന്ന രീതിയിൽ ലഭ്യമാക്കാനാണ് തീരുമാനം.



