ദുബൈ: എമിറേറ്റിലെ സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ അധ്യാപകരെ നിയമിക്കുന്നതിന് കർശന മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (കെ.എച്ച്.ഡി.എ). ദുബൈയിലെ സ്വകാര്യ വിദ്യഭ്യാസ മേഖലയെ നിയന്ത്രിക്കുന്ന സംവിധാനമായ കെ.എച്ച്.ഡി.എ രണ്ട് പുതിയ സാങ്കേതിക ഗൈഡുകളാണ് ഇതുസംബന്ധിച്ച് പുറത്തിറക്കിയത്.
സ്വകാര്യ സ്കൂളുകളിൽ അധ്യാപക ജീവനക്കാരെ നിയമിക്കുന്നതിനുള്ള സാങ്കേതിക ഗൈഡും സ്റ്റാഫ് ഡീറജിസ്ട്രേഷൻ സാങ്കേതിക ഗൈഡു മാണ് പുറത്തിറക്കിയത്. നിയമന മാനദണ്ഡങ്ങൾ കർശനമാക്കുന്നതിനും അധ്യാപകരുടെ മാറ്റം കുറക്കുന്നതിനും വിദ്യാർഥികളുടെ ക്ഷേമം ഉറപ്പാക്കാനുമായി രൂപകൽപന ചെയ്തിട്ടുള്ളതാണ് പുതിയ ഗൈഡുകൾ. കെ.എച്ച്.ഡി.എ അംഗീകരിച്ച യോഗ്യത, അനുഭവ പരിജ്ഞാനം, സ്വഭാവ നിലവാരം എന്നിവ പുതിയ അധ്യാപകർക്കുണ്ടായി രിക്കണം. അറബി, ഇസ്‌ലാമിക പഠന അധ്യാപകർക്കും ഇത് ബാധകമാണ്.അതേസമയം നിലവിലുള്ള അധ്യാപകർക്ക് പുതിയ മാനദണ്ഡങ്ങൾ പാലിക്കാൻ 2028 സെപ്റ്റംബർ വരെ സമയമനുവദിക്കും.
അധ്യായനവർഷം ഏപ്രിലിൽ ആരംഭിക്കുന്ന സ്കൂളുകളിലെ അധ്യാപകർക്ക് 2029 ഏപ്രിലിൽ വരെ സമയമനുവദിക്കും. അധ്യയന വർഷത്തിന്റെയോ സെമസ്റ്ററിന്റെയോ മധ്യത്തിൽ സ്കൂൾ വിടുന്ന അധ്യാപകരും സ്കൂൾ നേതൃത്വം നൽകുന്നവരും മറ്റൊരു സ്വകാര്യ സ്‌കൂളിൽ അധ്യാപകരായി ചേരുന്നതിന് 90 ദിവസം കാത്തിരിക്കണമെന്നും പുതിയ നിർദേശത്തിലുണ്ട്. ഇത് നോട്ടീസ് പീരിയഡ് പൂർത്തിയാക്കി അധ്യയന വർഷത്തിന്റെയോ സെമസ്റ്ററിൻ്റെയോ അവസാനത്തിൽ സ്കൂൾ വിടുന്നവർക്ക് ബാധകമല്ല.
നിയമനത്തിന് കെ.എച്ച്.ഡി.എ മുമ്പ് നൽകിയ അപ്പോയിൻമെന്റ് ലെറ്ററിന് പകരം അപ്പോയിൻ മെന്റ് നോട്ടീസിനാണ് സ്കൂളുകൾ അപേക്ഷിക്കേണ്ടത്. ഒരാൾ സ്കൂളിൽനിന്ന് പുറത്തുപോകുമ്പോൾ എക്സിറ്റ് സർവേയും പൂർത്തിയാക്കണം. എല്ലാവരും അധ്യാപന ജോലി ആരംഭിക്കുന്നതിനു മുമ്പ് ഇൻഡക്ഷൻ പരിശീലനം പൂർത്തി യാക്കണമെന്നും നിർദേശത്തിലുണ്ട്. ഗൈഡ് നിലവിൽ കെ.എച്ച്.ഡി.എ വെബ്സൈറ്റിൽ ലഭ്യമാണ്.



