ദുബൈ: എമിറേറ്റിലെ വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണങ്ങളിലൊന്നായ ദുബൈ സഫാരി പാർക്ക് ഏഴാം സീസൺ ഒക്ടോബർ 14ന് വീണ്ടും തുറക്കുന്നു. സന്ദർശകർക്ക് കൂടുതൽ ആകർഷകമായ അനുഭവങ്ങളുമായാകും ഏഴാം സീസൺ. ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് പാർക്ക് തുറക്കുന്ന തീയതി അധികൃതർ പ്രഖ്യാപിച്ചത്. എന്നാൽ ടിക്കറ്റ് വിൽപന സംബന്ധിച്ച വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
തൊട്ടുമുമ്പുള്ള വർഷത്തെ അപേക്ഷിച്ച് ആറാം സീസണിൽ സന്ദർശകരുടെ എണ്ണത്തിൽ 16 ശതമാനം വർധന രേഖപ്പെടുത്തിയിരുന്നു. കൂടാതെ 52,700 സഫാരി ടൂറുകളാണ് സംഘടിപ്പിച്ചിരുന്നത്. ആറ് വിത്യസ്ത മേഖലകളിലായി 3,000ത്തിലധികം മൃഗങ്ങളെ ഏറ്റവും അടുത്ത് കാണാനും ഇടപഴകാനുമുള്ള അവസരമാണ് സഫാരി പാർക്ക് ഒരുക്കുന്നത്.
സാഹസികമായ രണ്ട് യാത്രകളും പാർക്കിന് ചുറ്റും സഞ്ചരിക്കുന്ന ഷട്ടിൽ ട്രെയ്ൻ യാത്രയും 15ലധികം മൃഗങ്ങളുടെ ഏറ്റുമുട്ടലുകൾ കാണാനും അവസരമുണ്ടാകും. അറേബ്യൻ ഉപഭൂഖണ്ഡത്തിലെ വിത്യസ്തങ്ങളായ വന്യജീവികളെ പരിചയപ്പെടാനും അവയുടെ ചരിത്രം മനസ്സിലാക്കാനുമുള്ള അവസരമാണ് 15 മിനിറ്റ് ദൈർഘ്യമുള്ള സാഹസിക യാത്രയിലൂടെ ലഭിക്കുക.
മരുഭൂമിയിൽ ജീവിക്കുന്ന മൃഗങ്ങളേയും അവയെ സംരക്ഷിക്കുന്നതിനായി രൂപകൽപന ചെയ്തിരിക്കുന്ന സംരക്ഷണ പദ്ധതികളേയും കുറിച്ച് പര്യവേക്ഷണം ചെയ്യാൻ കഴിയുംവിധമാണ് സാഹസിക യാത്രകൾ ആസൂത്രണം ചെയ്തിരിക്കുന്നത്. 35 മിനിറ്റ് നീളുന്ന ട്രെയ്ൻ യാത്രയിലൂടെ 35ലധികം ജീവി വർഗങ്ങളെ കാണാനും അടുത്തറിയാനും കഴിയും.



