അബുദബി ∙ ഗാസയിൽ നിന്നുള്ള 119 രോഗികളും പരുക്കേറ്റവരും കുടുംബാംഗങ്ങളും യുഎഇയിലെത്തിച്ച് ചികിത്സ നൽകി. ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് പ്രത്യേക വിമാനത്തിലാണ് ഇവരെ മാറ്റിയത്.
ഇതുവരെ 2,900-ലധികം രോഗികളെയും കുടുംബങ്ങളെയും യുഎഇ ചികിത്സയ്ക്കായി മാറ്റിയിരുന്നു. ഗാസയിലെ കുട്ടികൾക്കും അർബുദരോഗികൾക്കും സൗജന്യ ചികിത്സ നൽകുന്ന യുഎഇ പ്രസിഡന്റിന്റെ നിർദേശത്തിന്റെ ഭാഗമാണ് ഇത്.
എമിറേറ്റ്സ് ഹ്യുമാനിറ്റേറിയൻ സിറ്റിയിൽ താമസ, ആരോഗ്യ, വിദ്യാഭ്യാസ, സാംസ്കാരിക സേവനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ ഗാസയിലെ ഫീൽഡ് ആശുപത്രിയിലും ആശുപത്രി കപ്പലിലും ചികിത്സ തുടരുമെന്ന് യുഎഇ അറിയിച്ചു.



