ദുബൈ: ലോകത്തിലെ ഏറ്റവും വിലയേറിയ കാപ്പി ദുബൈയിൽ. ഒരു കപ്പിന് 2500 ദിർഹം (ഏകദേശം 56,000 രൂപ) വില വരുന്ന കാപ്പിയാണ് ഗിന്നസ് ലോക റെക്കോർഡ് നേടിയത്. ദുബൈയിലെ റോസ്റ്റേഴ്സ് എന്ന എമിറാത്തി കോഫി ഷോപ്പാണ് ഈ അപൂർവ നേട്ടത്തിന് ഉടമകൾ. ഈ മാസം 13 ന് ദുബൈയിലെ ഡൗൺടൗൺ റോസ്റ്റേഴ്സ് കോഫി ഷോപ്പ് ആണ് ഈ നേട്ടം സ്വന്തമാക്കിയത്. “ഇത് വെറും കാപ്പിയല്ല, ലോകോത്തര അനുഭവമാണ്,” എന്ന് റോസ്റ്റേഴ്സ് സി.ഇ.ഒ കോൺസ്റ്റന്റൈൻ ഹാർബുസ് പറഞ്ഞു.
വളരെ അപൂർവമായ പനാമൻ ഗീഷ ബീൻസ് ഉപയോഗിച്ചാണ് ഈ റെക്കോർഡ് കാപ്പി ഉണ്ടാക്കുന്നത്. പുഷ്പങ്ങളുടെയും ഉഷ്ണമേഖലാ പഴങ്ങളുടെയും സവിശേഷമായ സത്ത് കാപ്പിക്ക് വേറിട്ട രുചി നൽകുന്നു. കാപ്പിയോടൊപ്പം അതേ ഗീഷ ബീൻസ് ചേർത്തുള്ള ടിറാമിസു, ചോക്ലേറ്റ് ഐസ്ക്രീം, പ്രത്യേകതരം ചോക്ലേറ്റ് എന്നിവയും നൽകും.
ജപ്പാനിൽ കൈകൊണ്ട് നിർമിച്ചതും മനോഹരമായ പാറ്റേണുകളുള്ളതുമായ എഡോ കിരിക്കോ ക്രിസ്റ്റൽ ഗ്ലാസ്സിലാണ് ഈ കാപ്പി വിളമ്പുന്നത്. കാപ്പിയുടെ രുചി കൂടുതൽ ആസ്വദിക്കാൻ സഹായിക്കുന്ന ഫ്ലേവർ നോട്ട് കാർഡുകളും ഉപഭോക്താക്കൾക്ക് നൽകും. റോസ്റ്റേഴ്സിന് നിലവിൽ യുഎഇയിൽ 11 ശാഖകളുണ്ട്. ലോകത്തിലെ മികച്ച ബീൻസുകൾ ശേഖരിച്ച്, വിദഗ്ധമായി കാപ്പി ഉണ്ടാക്കുന്നതിൽ ഇവർ ശ്രദ്ധേയരാണ്.



