ദുബൈ: വീഡിയോ കോളിലൂടെ പൊലീസ് ഓഫീസർമാരായി നടിച്ച് തട്ടിപ്പുകാർ ബാങ്ക് വിവരങ്ങൾ കൈക്കലാക്കാൻ ശ്രമിക്കുന്നു…
ഇങ്ങനെയുള്ള വാർത്തകൾ സ്ഥിരമായി കേൾക്കാറുണ്ടെങ്കിലും ഇപ്പോൾ ദുബൈ പൊലീസ് തന്നെ ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്
ഗൂഗിൾ മീറ്റ് പോലുള്ള പ്ലാറ്റ്ഫോമുകൾ വഴിയാണ് ഈ തട്ടിപ്പ് പുതിയ മോഡലിൽ നടക്കുന്നത്.
വീഡിയോ ഇൻവൈറ്റേഷൻ സ്വീകരിച്ചാൽ പൊലീസ് യൂണിഫോം ധരിച്ച ഒരാൾ സ്വയം ഓഫീസർ ആണെന്ന് പരിചയപ്പെടുത്തി സംസാരിക്കും.
പിന്നാലെ ഇരയ്ക്ക് കിട്ടിയ ടെക്സ്റ്റ് മെസേജിനെക്കുറിച്ച് പറഞ്ഞ് ബാങ്ക് വിവരങ്ങളും ഒ.ടി.പി നമ്പറും ആവശ്യപ്പെടും.
ഇത്തരത്തിലുള്ള അനുഭവങ്ങൾ പലരും പങ്കുവച്ചിട്ടുണ്ട്.
അക്കാദമിക് ക്ലാസാണെന്ന് കരുതി മീറ്റിൽ ജോയിൻ ചെയ്തപ്പോൾ, ക്യാമറ ഓണാക്കി ഇരിക്കണമെന്ന് ആവശ്യപ്പെടുന്ന പൊലീസ് വേഷം ധരിച്ച ആളെ കണ്ടത് ഞെട്ടലോടെ ആയിരുന്നുവെന്ന് ഒരാൾ അനുഭവം പറയുന്നു.
ഇംഗ്ലീഷ് ഉച്ചാരണം അസ്വാഭാവികമാണെന്ന് തിരിച്ചറിഞ്ഞ് സംശയിച്ചെന്ന് മറ്റൊരാളും സാക്ഷ്യപ്പെടുത്തുന്നു .
സർവകലാശാല വിദ്യാർത്ഥിനിയായ സമീറ അബ്ദുൽ ഫത്താഹിനോട് പിഴയുണ്ടെന്ന് പറഞ്ഞ് വിവരങ്ങൾ ചോദിച്ചെങ്കിലും, അവർ തക്ക സമയത്ത് തന്നെ തട്ടിപ്പ് തിരിച്ചറിഞ്ഞു.
ഇത്തരം പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് പൊലീസും സ്ഥിരീകരിക്കുകയാണിപ്പോൾ . ബാങ്ക് വിവരങ്ങൾ ആവശ്യപ്പെടുന്ന ഫോൺ കോളുകൾക്കും സന്ദേശങ്ങൾക്കും ഒരിക്കലും ഒരു വിധത്തിലും പ്രതികരിക്കരുതെന്നും മുന്നറിയിപ്പ് നൽകിയിരിക്കുയാണ് പൊലീസ്.
സംശയാസ്പദമായ സംഭവങ്ങൾ ഉടൻ തന്നെ eCrime പ്ലാറ്റ്‌ഫോമിലൂടെയോ സമീപത്തെ പൊലീസ് സ്റ്റേഷനിലോ അറിയിക്കണം.
ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പങ്കെടുത്ത 13 പേരെ, മൂന്നു സംഘങ്ങളായി, അടുത്തിടെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അധികൃതർ അറിയിക്കുന്നു…



