ദുബൈ: മദ്യലഹരിയിൽ വാഹനമോടിച്ച് അപകടം വരുത്തിയ കേസിൽ യുവാവിന് 15,000 ദിർഹം പിഴ ചുമത്തി ദുബൈ കോടതി. പ്രതിയുടെ ലൈസൻസ് മൂന്നുമാസത്തേക്ക് സസ്പെൻഡ് ചെയ്യാനും കോടതി ഉത്തരവിട്ടു. ബർദുബൈയിൽ ഉണ്ടായ കാർ അപകടത്തിൽ ഡ്രൈവർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ലഹരി ഉപയോഗിച്ചതായി സംശയം തോന്നിയ പോലീസ് സാമ്പിളുകൾ പരിശോധനക്ക് അയച്ചിട്ടുണ്ട്.
വാഹനത്തിൽ മദ്യത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. തുടർന്ന് മദ്യപിച്ച് വാഹനമോടിച്ചതിനും പൊതുമുതൽ നശിപ്പിച്ചതിനുമായി രണ്ട് കേസുകൾ പോലീസ് പ്രതിക്കെതിരെ ചുമത്തി. കൂടാതെ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് കോടതി പ്രതിക്ക് പിഴശിക്ഷയും ലൈസൻസ് മൂന്നുമാസത്തേക്ക് സസ്പെൻഡ് ചെയ്യാനും ഉത്തരവിട്ടത്.



