ദുബൈ: ലോകമെമ്പാടുമുള്ള ബധിര സമൂഹത്തിന്റെ ഭാഷാ-സാംസ്കാരിക അവകാശങ്ങളെ പിന്തുണയ്ക്കുന്ന അന്താരാഷ്ട്ര ആംഗ്യഭാഷാ ദിനം ദുബൈ അന്താരാഷ്ട്ര എയർപോർട്ടിൽ വേറിട്ട രീതിയിൽ ആഘോഷിച്ചു. യാത്രക്കാരെ ആംഗ്യഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരിക്കുന്ന പ്രത്യേക പരിപാടികളാണ് വിമാനത്താവളത്തിൽ സംഘടിപ്പിച്ചത്.
സെപ്റ്റംബർ 23-നാണ് ആംഗ്യഭാഷാ ദിനം ആചരിക്കുന്നത്. ആംഗ്യഭാഷയെ സംസാരഭാഷകൾക്കൊപ്പം സമാനമായി പരിഗണിക്കാനും, ബധിരരുടെ മുഴുവൻ മനുഷ്യാവകാശങ്ങൾ ഉറപ്പാക്കുന്നതിൽ ഇതിന്റെ നിർണായക പങ്കിനെക്കുറിച്ചും ബോധവൽക്കരിക്കുകയാണ് ലക്ഷ്യം.
ദുബൈ എയർപോർട്ടിലെ കുട്ടികളുടെ എമിഗ്രേഷൻ വിഭാഗമാണ് ഈ വേറിട്ട പരിപാടിക്ക് വേദിയായത്.
പരിപാടിയിൽ പങ്കെടുത്ത കുട്ടികൾ ആംഗ്യഭാഷയിൽ ‘ദുബൈയിലേക്ക് സ്വാഗതം’ എന്ന സന്ദേശം കൈകൊണ്ട് പ്രകടിപ്പിച്ചു. ഇത് ഒരേസമയം കൗതുകകരവും ഹൃദയം നിറഞ്ഞ കാഴ്ചയും ആയിരുന്നു.
വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരും യാത്രക്കാരും ഈ ശ്രമത്തിന് മുഴുവൻ പിന്തുണയും അറിയിച്ചു. ഭിന്നശേഷിക്കാരെയും, ദുബൈ പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ എന്നു വിളിക്കുന്ന സമൂഹത്തെയും ഉൾക്കൊള്ളുന്ന സന്ദേശമാണ് പരിപാടിയിലൂടെ ലോകത്തിന് നൽകുന്നതെന്ന് ജി ഡി ആർ എഫ് എ ദുബൈ പറഞ്ഞു.
ആശയവിനിമയ തടസ്സങ്ങൾ ഇല്ലാതാക്കി, ബധിര സമൂഹത്തെയും അവരുടെ ഭാഷാപരമായ വ്യക്തിത്വത്തെയും ബഹുമാനിച്ചും പ്രോത്സാഹിപ്പിച്ചും സമഗ്ര സമൂഹം സൃഷ്ടിക്കാനുള്ള ദുബൈയുടെ പ്രതിബദ്ധതയാണ് ഇതിലൂടെ പ്രകടമാക്കുന്നത്.



