ദുബൈ: കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ പണമുണ്ടാക്കാം. പഴയ പല്ലവി പുതിയ രൂപത്തിൽ വീണ്ടും സജീവമായുകയാണ്. ഉയർന്ന ശമ്പളത്തോടെ പാർട്ട് ടൈം ജോലികൾ വാഗ്ദാനം ചെയ്യുന്ന വ്യാജ ഓൺലൈൻ പരസ്യങ്ങൾക്കെതിരെ ശക്തമായ മുന്നറിയിപ്പ് നൽകുകയാണ്
ദുബൈ പൊലീസ്
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വേഗത്തിൽ പടരുന്ന ഇത്തരം വാഗ്ദാനങ്ങൾക്ക് പിന്നിൽ ക്രിമിനൽ സംഘങ്ങൾ പ്രവർത്തിക്കുന്നതായാണ് ഔദ്യോഗിക സ്ഥിരീകരണം. ദുബൈ പൊലീസ് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലെ ആന്റി-ഫ്രോഡ് സെന്ററാണ് ഈ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.
തട്ടിപ്പുകാർ ഉയർന്ന വരുമാന വാഗ്ദാനങ്ങൾ മുന്നോട്ട് വെച്ച് ഇരകളെ നിയമവിരുദ്ധ പ്രവർത്തനങ്ങളിലേക്കും സാമ്പത്തിക തട്ടിപ്പുകളിലേക്കും വലിച്ചിഴക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
സൈബർ സുരക്ഷ ബോധവൽക്കരണത്തിന്റെ ഭാഗമായി നടത്തുന്ന പ്രതിമാസ ക്യാമ്പയിനിലൂടെയാണ് ദുബൈ പൊലീസ് ഈ സന്ദേശം പൊതുജനങ്ങളിൽ എത്തിച്ചത്.
ചിലർ ഇരകളുടെ പേരിൽ ബാങ്ക് അക്കൗണ്ടുകൾ തുറക്കുകയും, അജ്ഞാത ഉറവിടങ്ങളിൽ നിന്ന് ഫണ്ട് കൈമാറുകയോ, മറ്റ് തട്ടിപ്പ് പദ്ധതികളിൽ ഉൾപ്പെടുത്തുകയോ ചെയ്യുന്നതായും അധികൃതർ പറഞ്ഞു.
ജോലിക്കായി ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുന്നതിന് മുൻപ് കമ്പനിയുടെ വിശ്വാസ്യത ഉറപ്പുവരുത്തണമെന്നും, സ്ഥിരീകരിക്കാത്ത വ്യക്തികളുമായി സ്വകാര്യ വിവരങ്ങൾ പങ്കിടരുതെന്നും പണം കൈമാറരുതെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
സംശയകരമായ പരസ്യങ്ങൾ കണ്ടാൽ ഉടൻ eCrime.ae പ്ലാറ്റ്ഫോം വഴിയോ 901 എന്ന ടോൾ-ഫ്രീ നമ്പറിലേക്കോ വിവരം നൽകാമെന്നും പൊലീസ് അറിയിച്ചു.



