ദുബൈ : ലോകത്തിലെ തന്നെ ഏറ്റവും മികച്ച വിനോദ ആകർഷണങ്ങളിലൊന്നായ ഗ്ലോബൽ വില്ലേജിന്‍റെ 30ാം സീസണിനെ വരവേൽക്കുന്നതിന്‍റെ ഭാഗമായി സംയുക്ത പദ്ധതി.
ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫേഴ്സും, ഗ്ലോബൽ വില്ലേജും ചേർന്നാണ് പദ്ധതി പ്രഖ്യാപിച്ചത്
പദ്ധതിയുടെ ഭാഗമായി, ദുബൈയിൽനിന്ന് പുറത്തിറക്കുന്ന വിസകളിലും എമിറേറ്റിന്റെ അതിർത്തികളിലൂടെ പ്രവേശിക്കുന്ന യാത്രക്കാരുടെ പാസ്പോർട്ടുകളിലും ഗ്ലോബൽ വില്ലേജ് ലോഗോ പതിപ്പിക്കും.
ലോഗോ അടങ്ങിയ ഈ പ്രത്യേക സ്റ്റാമ്പ് ലഭിക്കുന്നവർക്ക് ഗ്ലോബൽ വില്ലേജിലേക്ക് ആദ്യ 10 ദിവസം സൗജന്യ പ്രവേശനം ലഭിക്കും. ഒരു തവണ മാത്രമാണ് ഓരോ വ്യക്തിക്കും ഈ ആനുകൂല്യം ലഭ്യമാവുക.
ദുബൈയുടെ സാംസ്കാരികമായ തുറന്ന സമീപനത്തെയും മനുഷ്യ വൈവിധ്യത്തെയും പ്രതിഫലിപ്പിക്കുന്ന പ്രതീകാത്മക സംരംഭമാണിതെന്ന് ജി.ഡി.ആർ.എഫ്.എ അധികൃതർ വ്യക്തമാക്കി.
വിസയിലും എൻട്രി സ്റ്റാമ്പിലുമുള്ള പ്രത്യേക ലോഗോ, യു.എ.ഇയുടെ പ്രധാന സാംസ്കാരിക ആകർഷണമായ ഗ്ലോബൽ വില്ലേജ് നിരവധി വിദേശ സന്ദർശകർക്ക് പരിചയപ്പെടുത്താനാകുമെന്ന് ജനറൽ ഡയറക്ടറേറ്റ് അഭിപ്രായപ്പെട്ടു.



