ദുബൈ: ദുബൈ ഗതാഗതരംഗത്തെ വിപ്ലവമായി മാറുമെന്ന് പ്രതീക്ഷിക്കുന്ന ഇലോൺ മസ്കിന്റെ ദുബൈ ലൂപ്പ് 2026 മധ്യത്തോടെ പ്രവർത്തനം തുടങ്ങുമെന്ന് റിപ്പോർട്ട്. മസ്കിന്റെ ഉടമസ്ഥതയിലുള്ള ബോറിങ് കമ്പനി നിർമിക്കുന്ന ലൂപിന്റെ മുഴുവൻ വിവരങ്ങൾ പുറത്തുവന്നിട്ടില്ലെങ്കിലും ചില വിവരങ്ങൾ ആർ.ടി.എ പുറത്ത് വിട്ടു.
ലളിതമായി ഭൂമിക്കടിയിലുള്ള അതിവേഗ ഇലക്ട്രിക് ഗതാഗത സംവിധാനമായി ലൂപിനെ വിലയിരുത്താം. ടെസ്‍ലയുടെ ദുബൈ ലൂപിലൂടെ കമ്പനിയുടെ ഇലക്ട്രിക് വാഹനങ്ങൾ ആളുകളെ വിവിധ സ്ഥലങ്ങളിൽ എത്തിക്കുന്നു. ഒരു പോയിന്റിൽ നിന്ന് തുടങ്ങി മറ്റൊരു പോയിന്റിൽ അവസാനിക്കുന്ന രീതിയിലാവും ടെസ്‍ലയുടെ ലൂപ് പ്രവർത്തിക്കുക. ടെസ്‍ലയുടെ ലൂപ്പിൽ കയറുന്ന ഒരാൾക്ക് സമയനഷ്ടമില്ലാതെ ലക്ഷ്യസ്ഥാനത്തെത്താം. 2050ഓടെ മലിനീകരണം പൂർണമായും കുറക്കുകയെന്ന ദുബൈയുടെ ലക്ഷ്യത്തിന് ലൂപ് കരുത്ത് പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആദ്യഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ 17 കിലോ മീറ്റർ ദൂരത്തിൽ 11 സ്റ്റേഷനുകളോടെയാകും ലൂപ്പ് പ്രവർത്തനം തുടങ്ങുക. മണിക്കൂറിൽ 20,000 യാത്രക്കാരെ വഹിക്കാൻ ലൂപിന് കഴിയും. ലൂപിലെ ടെസ്‍ലയുടെ വാഹനത്തിൽ കയറുന്ന ഒരാൾക്ക് ഇറങ്ങേണ്ട സ്റ്റേഷൻ സെലക്ട് ചെയ്യാനാകും. മറ്റ് സ്റ്റേഷനുകളിലൊന്നും നിർത്താതെ ലൂപ് നേരെ ഇവിടേക്കാവും കുതിച്ചെത്തുക.



