ദുബൈ : പുതുവത്സരത്തെ വരവേല്‍ക്കാന്‍ ദുബൈ. താമസക്കാർക്കും, സന്ദര്‍ശകർക്കും കൂടുതല്‍ സൗകര്യപ്രദമായി ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ പ്രത്യേക ജലഗതാഗത സര്‍വീസുകളും ഓഫറുകളും ഒരുക്കിയിട്ടുണ്ട്.
ദുബൈ ഫെറി, അബ്ര, വാട്ടര്‍ ടാക്‌സി തുടങ്ങിയ സേവനങ്ങളിലാണ് പുതുവത്സര രാത്രിക്കായുള്ള പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഡിസംബര്‍ 31-ന് രാത്രി 10 മുതല്‍ 10.30 വരെ ദുബൈ ഫെറികള്‍ ദുബൈ മറീനയിലെ മറീന മാള്‍ സ്റ്റേഷന്‍, അല്‍ ഗുബൈബ സ്റ്റേഷന്‍, ബ്ലൂവാട്ടേഴ്സ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍നിന്ന് പുറപ്പെടും. എല്ലാ സര്‍വീസുകളും പുതുവത്സര രാത്രി 1.30-നോട് കൂടി അവസാനിക്കും.
സില്‍വര്‍ ക്ലാസ് ടിക്കറ്റിന് 350 ദിര്‍ഹവും, ഗോള്‍ഡ് ക്ലാസിന് 525 ദിര്‍ഹവുമാണ് നിരക്ക്. 2 മുതല്‍ 10 വരെ പ്രായമുള്ള കുട്ടികള്‍ക്ക് 50% ഇളവും ലഭ്യമാണ്.
വാട്ടര്‍ ടാക്‌സി സര്‍വീസുകള്‍ മറീന മാള്‍ സ്റ്റേഷനില്‍നിന്നാണ് ആരംഭിക്കുന്നത്. 20 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ഫുള്‍-ബോട്ട് ബുക്കിംഗിൻ്റെ നിരക്ക് 3750 ദിര്‍ഹമാണ്.



