ദേശീയ ദിനം കേവലം തെരുവുകളിലെ ആഘോഷവും ആകാശത്തെ വെടിക്കെട്ടും മാത്രമായി ഒതുങ്ങുന്നില്ലെന്ന് ഉറപ്പാക്കുകയാണ് യു.എ.ഇ. ദേശീയ ദിനത്തോട് അനുബന്ധിച്ച് നന്മയുടെ വലിയൊരു മാതൃക കൂടി തുറന്നിരിക്കുകയാണ് രാജ്യം. 54ാമത് ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ഇസ്രായേൽ ആക്രമണത്തിൽ തകർന്ന് തരിപ്പണമായ ഗസ്സയിൽ പ്രതീക്ഷയുടെ ഒരു തിരിനാളം കൊളുത്തുകയാണ് യു.എ.ഇ. യു.എ.ഇ ഫണ്ട് നൽകുന്ന മനുഷ്യാവകാശ സംഘടനയായ അൽഫാരിസ് അൽ ഷാഹിം ഗസ്സയിലെ 54 ദമ്പതികൾക്കാണ് മാംഗല്യമൊരുക്കിയത്. 54ാമത് ദേശീയ ദിനത്തോട് അനുബന്ധിച്ചാണ് 54 ദമ്പതികളുടെ വിവാഹം യു.എ.ഇ നടത്തികൊടുത്തത്.
ഖാൻ യൂനിസിലായിരുന്നു വിവാഹത്തിന് വേദിയൊരുങ്ങിയത്. ഏകദേശം 21,000 പേരാണ് വിവാഹചടങ്ങിൽ പങ്കെടുത്തത്. വെല്ലുവിളികൾ നിറഞ്ഞ സാഹചര്യത്തിലും സമാധാനപരമായി വിവാഹചടങ്ങുകൾ നടത്താൻ യു.എ.ഇക്ക് കഴിഞ്ഞു. പരമ്പരാഗതമായ വിവാഹവേഷണിഞ്ഞെത്തിയ വധുവരൻമാർ വെല്ലുവിളികൾക്ക് മുന്നിൽ ഫലസ്തീൻ കീഴടങ്ങില്ലെന്ന വ്യക്തമായ സന്ദേശമാണ് ലോകത്തിന് നൽകിയത്.



