ദുബൈ : ഔദ്യോഗിക ചുമതലകളുടെ തിരക്കുകൾക്ക് ഇടവേള നൽകി സാധാരണ ജനങ്ങളോടൊപ്പം സമയം ചെലവഴിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.
സാമൂഹിക ഐക്യം കൂടുതൽ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ‘ദുബൈ ലഞ്ച്’ പദ്ധതിയുടെ ഭാഗമായി, ദെയ്റ പ്രദേശത്തെ ഏകദേശം 200 ആളുകളെയും അവരുടെ കുടുംബങ്ങളെയും അദ്ദേഹം നേരിട്ട് സന്ദർശിച്ചു.
അൽ ഖവാനീജ് മജ്‌ലിസിൽ നടന്ന പരിപാടിയിൽ മുഹമ്മദ് ജുമ അൽ നബൂദ നൽകിയ ക്ഷണം സ്വീകരിച്ചാണ് ഷെയ്ഖ് ഹംദാൻ പങ്കെടുത്തത്.
അതിഥികളോടൊപ്പം സൗഹൃദ സംഭാഷണങ്ങളിൽ ഏർപ്പെട്ടും അവരുടെ വിശേഷങ്ങൾ അന്വേഷിച്ചും സമയം ചെലവഴിച്ച കിരീടാവകാശിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധ നേടുകയാണ്.
ഒരു കൊച്ചുകുട്ടിയെ സ്നേഹത്തോടെ ചേർത്തുപിടിച്ച് വാത്സല്യം പ്രകടിപ്പിക്കുന്ന അദ്ദേഹത്തിന്റെ ചിത്രം നിരവധി പേരുടെ മനസ്സ് കീഴടക്കിയിരിക്കുകയാണ്.



