ദുബൈ : ഇടപാടുകളുടെ സുരക്ഷ ശക്തമാക്കുന്നതിനായി യു.എ.ഇയിലെ ബാങ്കുകൾ ഒരു പുതിയ സംവിധാനത്തിലേക്ക് കടക്കുകയാണ്.
ഇനി മുതൽ ഓൺലൈൻ പേയ്‌മെന്റുകൾ നടത്തുമ്പോൾ എസ്എംഎസ് വഴിയോ ഇമെയിൽ വഴിയോ ഒടിപി ലഭിക്കുന്ന രീതി ഒഴിവാക്കും.
അതിന് പകരമായി, ബാങ്കിന്റെ ഔദ്യോഗിക മൊബൈൽ ആപ്പിലൂടെ തന്നെ ഇടപാട് സ്ഥിരീകരിക്കേണ്ട ഇൻ ആപ്പ് അപ്രൂവൽ സംവിധാനം നടപ്പിലാക്കും.
ഈ മാറ്റത്തിന് പിന്നിലെ പ്രധാന കാരണം, എസ്എംഎസ് ഒടിപികളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ വർധിച്ചതാണ്.
വ്യാജ ഫോൺ കോളുകൾ, സന്ദേശങ്ങൾ എന്നിവയിലൂടെ ഉപഭോക്താക്കളിൽ നിന്ന് ഒ.ടി.പി കൈക്കലാക്കുന്ന സംഭവങ്ങൾ അടുത്തകാലത്ത് വർദ്ധിച്ചിട്ടുണ്ട്.
ഇത്തരം തട്ടിപ്പുകൾക്ക് തടയിടാൻ, നേരിട്ട് ബാങ്ക് ആപ്പിനുള്ളിൽ നിന്നുള്ള സ്ഥിരീകരണം കൂടുതൽ സുരക്ഷിതവും വിശ്വസനീയവുമാണെന്നാണ് അധികൃതർ വിലയിരുത്തുന്നത്.
ഇതിലൂടെ ഉപഭോക്താക്കളുടെ സാമ്പത്തിക ഇടപാടുകൾക്ക് കൂടുതൽ സംരക്ഷണം ഉറപ്പു വരുത്താൻ സാധിക്കും.



