അബൂദബി: യുഎഇയിൽ തുടരുന്ന ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ അധിക പട്രോളിംഗുമായി അബൂദബി പോലീസ്. ടണലുകൾ, താഴ്ന്ന പ്രദേശങ്ങൾ, വെള്ളം കെട്ടിനിൽക്കുന്ന മേഖലകൾ എന്നിവിടങ്ങളിലാണ് പട്രോളിംഗ്. റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് ഗതാഗത സുരക്ഷ ഉറപ്പാക്കാനാണ് നടപടി.
മഴയെ തുടർന്ന് അപകട സാധ്യത ഉയർന്ന സാഹചര്യത്തിൽ, ട്രാഫിക് നിയന്ത്രണം ശക്തമാക്കുന്നതിനും യാത്രക്കാരെ സഹായിക്കാനും അടിയന്തര സാഹചര്യങ്ങളിൽ ഉടൻ ഇടപെടാനും പ്രത്യേക സംഘങ്ങളെ നിയോഗിച്ചതായി പോലീസ് അറിയിച്ചു. അതേസമയം, ആവശ്യമില്ലാത്ത യാത്ര ഒഴിവാക്കാനും, വെള്ളം കെട്ടിനിൽക്കുന്ന റോഡുകൾ, താഴ്വരകൾ (വാദികൾ) എന്നിവയിൽ പ്രവേശിക്കാതിരിക്കാനും പൊതുജനങ്ങൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകി. വാഹനമോടിക്കുന്നവർ വേഗത കുറയ്ക്കണമെന്നും സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.



