ക്യൂബ മുകുന്ദനെന്ന പ്രവാസിയെ ആരും മറക്കാൻ ഇടയില്ല. ചിരിപ്പിച്ചും ചിന്തിപ്പിച്ചും സാധാരണ മനുഷ്യന്റെ ജീവിതം അസാധാരണമായി പറഞ്ഞ ഒരാൾ. ഹാസ്യവും നർമ്മവും ചാലിച്ചുള്ള സിനിമകൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച തിരക്കഥാകൃത്തും നടനുമായ ശ്രീനിവാസൻ വിട പറഞ്ഞു. ഈ നിമിഷത്തിൽ ഓരോ പ്രവാസിയുടെയും മനസ്സിൽ ഓടിയെത്തിയ ചിത്രമാണ് അറബിക്കഥ.
ലാൽ ജോസ് സംവിധാനം ചെയ്ത് ഇഖ്ബാൽ കുറ്റിപ്പുറം എഴുതിയ ആ സിനിമയിൽ ക്യൂബാ മുകുന്ദൻ എന്ന കഥാപാത്രത്തിലൂടെ ശ്രീനിവാസൻ അവതരിപ്പിച്ചത് ഗൾഫിലെ ആയിരക്കണക്കിന് മലയാളികളുടെ ജീവിതമായിരുന്നു. വിപ്ലവ സ്വപ്നങ്ങളുമായി ഗൾഫിലേക്ക് വന്ന ഒരാൾ, ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളിൽ പതിയെ മാറുന്നൊരു മനുഷ്യൻ.
അദ്ദേഹം പറഞ്ഞ കഥകൾ
ഇനിയും പ്രവാസികളുടെ ജീവിതത്തിൽ തുടരുകയാണ്. ശ്രീനിവാസൻ പോയിരിക്കാം എന്നാൽ അദ്ദേഹം സൃഷ്ടിച്ച മനുഷ്യരും അവരുടെ കഥകളും മലയാളിയുടെ മനസ്സിൽ ഇനിയും ജീവിക്കും. വീട് സ്വപ്നം കണ്ട എല്ലാ പ്രവാസികൾക്കും മലയാള സിനിമ നൽകിയ ഏറ്റവും സത്യസന്ധമായ ഒരു മുഖം തന്നെയാണ്
ശ്രീനിവാസൻ. അദ്ദേഹത്തിന്റെ വിടവാങ്ങൽ ഒരു നടന്റെ മരണം മാത്രമല്ല, ഒരു കാലഘട്ടത്തിന്റെ നിശ്ശബ്ദതയാണ്.



