ദുബൈ : ദുബൈ വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ എണ്ണം കുത്തനെ ഉയർന്ന സാഹചര്യത്തിൽ, യാത്രയിൽ പവർ ബാങ്കുകളും, ലിഥിയം ബാറ്ററികളും കൈവശം വഹിക്കുന്നതുമായി ബന്ധപ്പെട്ട് അധികൃതർ കർശന നിർദേശങ്ങൾ പുറപ്പെടുവിച്ചു.
ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (IATA) നടപ്പിലാക്കുന്ന സുരക്ഷാ കാമ്പെയ്‌നിന്റെ ഭാഗമായാണ് ഈ മുന്നറിയിപ്പ് വീണ്ടും ഓർമ്മിപ്പിക്കുന്നത്.
മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ, ക്യാമറകൾ, പവർ ബാങ്കുകൾ തുടങ്ങിയ ലിഥിയം ബാറ്ററി ഉപയോഗിക്കുന്ന ഉപകരണങ്ങൾ ചെക്ക്-ഇൻ ബാഗേജിൽ ഉൾപ്പെടുത്താൻ പാടില്ലെന്നും ഇവ ഹാൻഡ് ലഗേജിൽ മാത്രമേ കൊണ്ടുപോകാവൂവെന്നും അധികൃതർ വ്യക്തമാക്കി. ശരിയായ രീതിയിൽ പായ്ക്ക് ചെയ്യാത്ത ബാറ്ററികൾ തീപിടിത്തത്തിനും അപകടങ്ങൾക്കും ഇടയാക്കാൻ സാധ്യതയുള്ളതിനാലാണ് നിയന്ത്രണങ്ങൾ ശക്തമാക്കിയത്.
കൂടുതൽ ബാറ്ററികൾ കൈവശം വഹിക്കുന്ന യാത്രക്കാർ അവയുടെ ടെർമിനലുകൾ ഷോർട്ട് സർക്യൂട്ട് ഉണ്ടാകാതിരിക്കാൻ ടേപ്പ് ഉപയോഗിച്ച് സുരക്ഷിതമാക്കണം. 100 വാട്ട്-മണിക്കൂറിൽ കൂടുതലുള്ള ബാറ്ററികൾ വിമാനത്തിൽ കൊണ്ടുപോകാൻ ബന്ധപ്പെട്ട വിമാനക്കമ്പനിയുടെ മുൻകൂർ അനുമതി നിർബന്ധമാണെന്നും നിർദേശമുണ്ട്. വിമാനത്തിനുള്ളിൽ പവർ ബാങ്ക് ചൂടാകുകയോ പുക ഉയരുകയോ ചെയ്താൽ ഉടൻ തന്നെ വിമാന ജീവനക്കാരെ അറിയിക്കണമെന്നും അധികൃതരുടെ മുന്നറിയിപ്പുണ്ട്.



