ദുബൈ : ദുബൈയിലെ ഏറ്റവും തിരക്കേറിയ ഗതാഗതകേന്ദ്രങ്ങളിലൊന്നായ ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലെ കുരുക്ക് കുറയ്ക്കുന്നതിനായി രണ്ട് പുതിയ പാലങ്ങൾ കൂടി ഗതാഗതത്തിനായി തുറന്നു.
റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി നടപ്പിലാക്കുന്ന വിപുലമായ അടിസ്ഥാനസൗകര്യ വികസന പദ്ധതിയുടെ ഭാഗമായാണ് ഈ പുതിയ സൗകര്യം.
പാലങ്ങൾ തുറന്നതോടെ ഈ മേഖലയിലെ യാത്രാസമയം ഗണ്യമായി കുറഞ്ഞു. മുമ്പ് ശരാശരി 10 മിനിറ്റ് എടുത്തിരുന്ന യാത്രകൾ ഇനി രണ്ട് മിനിറ്റിനുള്ളിൽ പൂർത്തിയാക്കാനാകുമെന്നാണ് ആർടിഎ വ്യക്തമാക്കുന്നത്.
ഡിസംബർ 2 സ്ട്രീറ്റിൽ നിന്ന് അൽ മജ്‌ലിസ് സ്ട്രീറ്റ്, അൽ മുസ്തക്ബാൽ സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ് എന്നിവിടങ്ങളിലേക്ക് പോകുന്ന യാത്രക്കാർക്ക് പുതിയ പാലങ്ങൾ വലിയ സൗകര്യമാണ് നൽകുന്നത്.
ഓരോ പാലത്തിലും രണ്ട് വരി പാതകളാണ് ഒരുക്കിയിട്ടുള്ളത്. മണിക്കൂറിൽ ഏകദേശം 6,000 വാഹനങ്ങൾ കടന്നുപോകാനുള്ള ശേഷിയാണ് ഓരോ പാലത്തിനും ഉള്ളത്.
2026 ഒക്ടോബറോടെ കൂടുതൽ രണ്ട് പാലങ്ങൾ കൂടി തുറക്കുന്നതോടെ പദ്ധതി പൂർണതയിലെത്തും. പദ്ധതി മുഴുവൻ പൂർത്തിയായാൽ ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലെ ശരാശരി കാത്തിരിപ്പ് സമയം 12 മിനിറ്റിൽ നിന്ന് വെറും 90 സെക്കൻഡായി കുറയുമെന്നാണ് പ്രതീക്ഷ.



