ദുബൈ : ദുബൈയുടെ ആകാശരേഖയിൽ അത്ഭുതം സൃഷ്ടിക്കും എന്ന പേരിൽ സോഷ്യൽ മീഡിയയിൽ വൈറലായ ‘എമിറേറ്റ്സ് എയർ ഹോട്ടൽ’ പദ്ധതി യഥാർത്ഥമല്ലെന്ന് സ്ഥിരീകരിച്ചു. 580 മീറ്റർ ഉയരമുള്ള ടവറിന്റെ മുകളിലായി എമിറേറ്റ്സ് എയർലൈൻസിന്റെ എയർബസ് A380 വിമാനം സ്ഥാപിച്ചിരിക്കുന്നതായുള്ള വീഡിയോ കോടിക്കണക്കിന് ആളുകളെ ആകർഷിച്ചിരുന്നു.
ലോകത്തിലെ ആദ്യ 7-സ്റ്റാർ എയർ ഹോട്ടൽ എന്ന നിലയിൽ പ്രചരിച്ച ഈ ദൃശ്യങ്ങൾ പൂർണമായും കൃത്രിമബുദ്ധി (AI) ഉപയോഗിച്ച് സൃഷ്ടിച്ചതാണെന്നും ഇത്തരമൊരു പദ്ധതി നിലവിലില്ലെന്നും എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു. 125 നിലകളുള്ള കെട്ടിടത്തിന് ഏകദേശം 3 ബില്യൺ ഡോളർ ചെലവ് വരുമെന്ന തരത്തിലുള്ള പ്രചരണങ്ങളും ഇതോടൊപ്പം ഉണ്ടായിരുന്നു.
‘സൈപ്രിയറ്റ്.ഐ’ എന്ന ഇൻസ്റ്റഗ്രാം പേജിൽ ഓഗസ്റ്റിൽ ആദ്യമായി വന്ന ഈ വീഡിയോ, എമിറേറ്റ്സ് ലോഗോയും ദുബൈയുടെ പശ്ചാത്തലവും ഉൾപ്പെടുത്തിയതോടെ യഥാർത്ഥമാണെന്ന തെറ്റിദ്ധാരണ വ്യാപകമായി. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടലുകളെ പോലും പിന്നിലാക്കുന്ന പദ്ധതിയെന്ന റിപ്പോർട്ടുകളാണ് വിഷയം വലിയ ചർച്ചയാക്കിയത്.



